< Back
India
Delhi Man Collapses On Street, Thieves Rob Him, Leave Him To Die
India

കെട്ടിടത്തിന് മുകളിൽനിന്ന് വീണ യുവാവിന്റെ മൊബൈൽ ഫോൺ കവർന്ന് ബൈക്ക് യാത്രികർ; സഹായം കിട്ടാതെ ദാരുണാന്ത്യം

ഷിയാസ് ബിന്‍ ഫരീദ്
|
3 Feb 2026 8:23 PM IST

യുവാവിന്റെ പോക്കറ്റിൽ പണമുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഒന്നുമുണ്ടായിരുന്നില്ല.

ന്യൂഡൽഹി: ഒരാൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണാൽ അത് കാണുന്ന മനഃസാക്ഷിയുള്ളവർ ആദ്യം ശ്രമിക്കുക അയാളുടെ ജീവൻ രക്ഷിക്കാനായിരിക്കും. ഏതെങ്കിലും വാഹനത്തിൽ‌ കയറ്റി ആശുപത്രിയിലെത്തിക്കാൻ നോക്കും. എന്നാൽ ഡൽഹിയിൽ അങ്ങനെ വീണ ഒരാളെ മരണത്തിലേക്ക് തള്ളിവിടുകയാണ് രണ്ട് പേർ ചെയ്തത്.

ഡൽഹിയിലെ വികാസ് ന​ഗർ പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് വീണയാളുടെ അടുത്തേക്ക് രണ്ട് പേർ ബൈക്കിൽ പാഞ്ഞെത്തി. വേദന കൊണ്ട് പുളഞ്ഞയാളെ സഹായിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കവരുകയാണ് ബൈക്കിന്റെ പിന്നിലിരുന്നയാൾ ചെയ്തത്.

തുടർന്ന് അയാൾ തന്നെ തിരികെ വീണ്ടും വന്ന് യുവാവിന്റെ പോക്കറ്റിൽ പണമുണ്ടോയെന്ന് പരിശോധിച്ചു. എന്നാൽ ഒന്നുമുണ്ടായിരുന്നില്ല. ചുറ്റും നോക്കിയ അയാളും കൂട്ടാളിയും സിസിടിവി ക്യാമറകൾ കണ്ടതോടെ ഇവിടെനിന്ന് സ്ഥലംവിടുകയായിരുന്നു. താഴെ വീണ യുവാവ് മണിക്കൂറുകളോളം സഹായമോ സമയോചിത ചികിത്സയോ ലഭിക്കാതെ അവിടെകിടന്ന് മരണത്തിന് കീഴടങ്ങി.

രാവിലെ എട്ട് മണിയോടെ പ്രദേശത്തെത്തിയ നാട്ടുകാർ മൃതദേഹം കണ്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹൃദയാഘാതമോ അപസ്മാരമോ മൂലമാണ് ഇദ്ദേഹം താഴെവീണതെന്നാണ് നി​ഗമനം.

Similar Posts