< Back
India
പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഭീഷണി; എടിഎസ് തലവനെന്ന വ്യാജേന യുവാവില്‍ നിന്ന് തട്ടിയെടുത്തത് 10 ലക്ഷം രൂപ
India

പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഭീഷണി; എടിഎസ് തലവനെന്ന വ്യാജേന യുവാവില്‍ നിന്ന് തട്ടിയെടുത്തത് 10 ലക്ഷം രൂപ

Web Desk
|
4 Nov 2025 10:46 AM IST

കശ്മീരിൽ യുവാവിന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ ക്രെഡിറ്റ് ചെയ്തതായും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) തലവനാണെന്ന് വിശ്വസിപ്പിച്ചാണ് 32കാരനില്‍ നിന്ന് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു.

ആഗസ്റ്റ് 13 ന്, 2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ ലഭിച്ചതായി കരോൾ ബാഗ് നിവാസിയായ യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.കൂടാതെ കശ്മീരിൽ തന്റെ പേരിൽ തുറന്ന ഒരു ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ ക്രെഡിറ്റ് ചെയ്തതായും തട്ടിപ്പുകാര്‍ ആരോപിച്ചു. ആ അക്കൗണ്ട് തന്റെ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് യുവാവിന് ഫോണ്‍കോള്‍ വന്നത്. ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും തട്ടിപ്പുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് പ്രതികൾ പണം തട്ടിയത്.

തന്‍റെ പേരിലുള്ള അക്കൗണ്ടിലെ ഫണ്ട് നിയമവിധേയമാക്കുന്നതിന് പണം ട്രാൻസ്ഫർ ചെയ്യാൻ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട.പണം നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പ്രതികൾ ഡൽഹി സ്വദേശിയെ ഭീഷണിപ്പെടുത്തി. ഭയപ്പെട്ടുപോയ യുവാവ് തന്റെ ബാങ്ക് അക്കൗണ്ട് വഴി 8.9 ലക്ഷം രൂപയും ഓൺലൈൻ പേയ്‌മെന്റ് അപേക്ഷ വഴി 77,000 രൂപയും യുപിഐ ഐഡിയിലേക്ക് ട്രാൻസ്ഫർ ചെയ്തതായി എഫ്‌ഐ‌ആറിൽ പറയുന്നു. യുവാവിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

നേരത്തെ സമാനമായ രീതിയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സൗത്ത് ഡൽഹിയിൽ നിന്നുള്ള 78 വയസ്സുള്ള റിട്ട. ബാങ്കർക്ക് ഏകദേശം 23 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് ധനസഹായം നല്‍കിയെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.


Similar Posts