< Back
India
Delhi Man Records Woman Tenant With Hidden Cameras In Toilet, Bedroom
India

ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ച് യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

Web Desk
|
24 Sept 2024 5:59 PM IST

ഡൽഹിയിലെ ഷകർപൂരിലാണ് സംഭവം.

ന്യൂഡൽഹി: ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചുവെച്ച് യുവതിയുടെ കിടപ്പ് മുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങൾ പകർത്തിയ 30കാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഷകർപൂരിലാണ് സംഭവം. തങ്ങളുടെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് കരൺ എന്ന യുവാവ് പകർത്തിയത്.

ഉത്തർപ്രദേശുകാരിയായ യുവതി സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായാണ് ഡൽഹിയിലെത്തിയത്. കരണിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ വാടകക്ക് താമസിച്ചിരുന്നത്. തൊട്ടടുത്ത നിലയിലാണ് കരൺ താമസിച്ചിരുന്നത്. യുവതി നാട്ടിലേക്ക് പോയപ്പോൾ വീടിന്റെ താക്കോൽ കരണിനെ ഏൽപ്പിച്ചിരുന്നു.



അടുത്തിടെയാണ് തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികതകൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. വാട്‌സ്ആപ്പ് ലിങ്ക് ചെയ്ത ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ അപരിചിതമായ ഒരു ലാപ്‌ടോപ്പും ലിസ്റ്റിൽ കണ്ടെത്തി. ഉടൻ ലോഗൗട്ട് ചെയ്തു. സംശയം തോന്നി അപ്പാർട്ട്‌മെന്റിൽ യുവതി നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയത്.



യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കിടപ്പ് മുറിയിലും സമാന രീതിയിൽ ക്യാമറ ഘടിപ്പിച്ചതായി കണ്ടെത്തിയത്. നാട്ടിൽ പോയപ്പോൾ താക്കോൽ കരണിനെ ഏൽപ്പിച്ചിരുന്നതായി യുവതി പൊലീസിനെ അറിയിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കരൺ കുറ്റസമ്മതം നടത്തിയത്.

Related Tags :
Similar Posts