< Back
India
Delhi Man, Son Fired Bullets On Diwali, Shot Reel Now Under Arrest

Photo| Special Arrangement

India

പടക്കമൊക്കെ ക്ലീഷേ; ദീപാവലിക്ക് ആകാശത്തേക്ക് വെടിവച്ച് റീൽ ചിത്രീകരണം; അച്ഛനും മകനും അറസ്റ്റിൽ

Web Desk
|
1 Nov 2025 4:51 PM IST

പിതാവിന്റെ പേരിലാണ് തോക്കുള്ളതെങ്കിലും ഇതിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നു.

ന്യൂഡൽഹി: പടക്കമൊക്കെ ക്ലീഷേ അല്ലേ, ഒരു വെറൈറ്റി ആരാണ് ഇഷ്ടപ്പെടാത്തത്...? അങ്ങനെയാണ് ഡൽഹി സ്വദേശിയായ യുവാവ് ദീപാവലിക്ക് തോക്കുമായി വെളിയിലേക്ക് ഇറങ്ങിയത്. പിന്നെ ചറപറാ ആകാശത്തേക്ക് വെടിവെപ്പ്. അത് റീലായി ചിത്രീകരിച്ച് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒടുവിൽ പൊലീസ് വീട്ടിൽ. മകനൊപ്പം അച്ഛനും പിടിയിൽ.

ഡൽഹി ശാസ്ത്രിന​ഗർ സ്വദേശിയായ 42കാരൻ മുകേഷ് കുമാറും 22കാരനായ മകൻ സുമിത് കുമാറുമാണ് പിടിയിലായത്. ദീപാവലി ആഘോഷത്തിനിടെയാണ് സുമിത് കുമാർ റോഡിലിറങ്ങി ആകാശത്തേക്ക് വെടിവച്ച് വൈറലാകാൻ നോക്കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർ ഇയാളെ കൈയോടെ പൊക്കുകയായിരുന്നു.

'ഒക്ടോബർ 30ന്, ശാസ്ത്രി ന​ഗർ പ്രദേശത്ത് ആന്റി നാർക്കോട്ടിക് സെൽ പതിവ് പട്രോളിങ് നടത്തുകയായിരുന്നു. ഇതിനിടെ, ഒരു യുവാവ് ആകാശത്തേക്ക് വെടിവയ്ക്കുന്ന സോഷ്യൽമീഡിയ പോസ്റ്റിനെക്കുറിച്ച് വിവരം ലഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രി നഗറിൽ പരിശോധന നടത്തിയ ഉദ്യോ​ഗസ്ഥ സംഘം ഒരു കടയിൽ നിന്ന് യുവാവിനെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു'- നോർത്ത് ജില്ലാ ഡിസിപി രാജ ബന്തിയ പറഞ്ഞു.

പിതാവിന്റെ പേരിലാണ് തോക്കുള്ളതെങ്കിലും ഇതിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നു. ഒക്ടോബർ ഒന്നിന് തോക്കിന്റെ ലൈസൻസ് കാലഹരണപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് പിസ്റ്റൾ പിടിച്ചെടുത്തു. ഇരുവരേയും ആയുധനിയമം ലംഘിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാനാണ് താൻ വീഡിയോ റെക്കോർഡ് ചെയ്തതെന്ന് സുമിത് പിന്നീട് പൊലീസിനോട് പറഞ്ഞു. ദീപാവലി രാത്രിയിൽ, തന്റെ ഡ്രോയറിൽ നിന്ന് പിസ്റ്റൾ എടുത്ത് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. പിന്നീട് വീഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തു. ഇത് ഉടൻ തന്നെ വൈറലാവുകയും ചെയ്തു. ഇപ്പോൾ ജയിലിലും.

മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തിക്കും ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പൊതുജന സുരക്ഷ കാറ്റിൽപ്പറത്തി ഓൺലൈൻ ശ്രദ്ധ പിടിച്ചുപറ്റാനായി സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിക്കുകയാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് പൊലീസ് പറഞ്ഞു.

Similar Posts