< Back
India
Delhi Police Files FIR Over Ex-Army Chiefs Unpublished Book
India

കരസേനാ മുന്‍ മേധാവിയുടെ പുസ്തകം പ്രചരിപ്പിക്കുന്നതിനെതിരെ എഫ്‌ഐആര്‍

Web Desk
|
9 Feb 2026 9:15 PM IST

പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിച്ചിട്ടില്ലാത്ത പുസ്തകത്തിൻ്റെ പിഡിഎഫ് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമെന്ന് പൊലീസ്

ന്യൂഡല്‍ഹി: കരസേനാ മുന്‍ മേധാവി ജനറല്‍ എം.എം നരവനെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം പ്രചരിപ്പിക്കുന്നതിനെതിരേ കേസ്. പ്രസിദ്ധീകരിക്കാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കാത്ത പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് ഡല്‍ഹി പൊലീസ് സ്വമേധയാ കേസെടുത്തത്.

സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ഈ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പുസ്തകം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് അവകാശപ്പെടുന്നു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നരവനെയുടെ പുസ്തകം ഉദ്ധരിച്ച് ഭരണപക്ഷത്തെ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ നരവനെയുടെ ലേഖനം വായിക്കാന്‍ അനുവദിക്കാതെ സ്പീക്കര്‍ രാഹുലിനെ തടഞ്ഞിരുന്നു. ഇന്നും രാഹുല്‍ ഈ വിഷയം സഭയില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, പ്രസിദ്ധീകരണത്തിനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ലാത്ത പുസ്തകത്തില്‍ നിന്നുള്ള വരികള്‍ സഭയില്‍ ഉദ്ധരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ബഹളം വെച്ചതോടെ സഭ പിരിയുകയായിരുന്നു.

സൈന്യത്തിന് ഇടപെടാന്‍ രാഷ്ട്രീയ അനുമതി വൈകിയതിനെ തുടര്‍ന്ന് 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ സമയത്ത് ലഡാക്കില്‍ ഇന്ത്യന്‍ ഭൂമി ചൈന കയ്യേറിയെന്നും സേനയുമായി കൂടിയാലോചിക്കാതെ അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കിയെന്നും ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ പുസ്തകത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar Posts