< Back
India
ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 11 മണി വരെ രേഖപ്പെടുത്തിയത് 19.95 ശതമാനം പോളിങ്
India

ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 11 മണി വരെ രേഖപ്പെടുത്തിയത് 19.95 ശതമാനം പോളിങ്

Web Desk
|
5 Feb 2025 12:30 PM IST

രാഷ്ട്രപതി ദ്രൗപതി മുർമു, അരവിന്ദ് കെജ്രിവാൾ, അതിഷി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി

ന്യൂ ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 മണി വരെ 19.95 ശതമാനം പോളിങ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുർമു , മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഡൽഹി മുഖ്യമന്ത്രി അതിഷി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ 70 മണ്ഡലങ്ങളിൽ 699 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

പാർട്ടി ശക്തി കേന്ദ്രങ്ങളിൽ അമിതമായി പൊലീസിനെ വിന്ന്യസിച്ചെന്ന് ആംആദ്മി പാർട്ടി നേതാക്കൾ ആരോപിച്ചു. ഡൽഹിയുടെ മികച്ച ഭാവിക്ക് വേണ്ടിയും മികച്ച വിദ്യാഭ്യാസത്തിനായും ആംആദ്മി അധികാരത്തിൽ വരണമെന്ന് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

സുഗമമായ പോളിംഗ് ഉറപ്പ് വരുത്താൻ ഡൽഹിയിലുടനീളം പോലീസിനുപുറമേ കേന്ദ്രസേനകളും രംഗത്തുണ്ട്. ഡൽഹിയിലെ നോർത്ത് ഈസ്റ്റ് ജില്ലയിലാണ് 11 ജില്ലകളിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. രാവിലെ 11 മണി വരെ ഇവിടെ 24.87 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

1.55 കോടി വോട്ടർമാർ 13,766 പോളിങ്ബൂത്തുകളിലായാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. ഇതിൽ 83,76,173 പേർ പുരുഷ വോട്ടർമാരും, 72,36,560 പേർ സ്ത്രീ വോട്ടർമാരും, 1267 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.

Similar Posts