
ഡ്രെയിനിൽ ഇറങ്ങുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഡൽഹി പിഡബ്ല്യുഡി; വിവാദമായപ്പോൾ ഡിലീറ്റ് ചെയ്തു
|മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് അവരുടെ ഔദ്യോഗിക എക്സ് അകൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വിവാദമായത്
ന്യൂഡൽഹി: സുപ്രിം കോടതി ഉത്തരവ് ലംഘിച്ച് ഒറ്റമുണ്ട് മാത്രം ധരിച്ച് കയ്യുറകളില്ലാത്ത ഒരു കൂട്ടം തൊഴിലാളികൾ ഡൽഹിയിലെ രോഹിണിയിലെ അഴുക്കുചാലിൽ ഇറങ്ങിയത് വിവാദമാവുന്നു. മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) അവരുടെ ഔദ്യോഗിക എക്സ് അകൗണ്ടിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. തുടർന്ന് പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോസ്റ്റ് പിൻവലിച്ചു.
മഴക്കാലത്തിന് മുന്നോടിയായി ഡൽഹിയിലുടനീളമുള്ള റോഡുകളിലെ വെള്ളക്കെട്ട് തടയുന്നതിനായി പൊതുമരാമത്ത് വകുപ്പ് അഴുക്കുചാലുകൾ വൃത്തിയാക്കുകയും തടസ്സങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നുണ്ട്. മാലിന്യത്താൽ ചുറ്റപ്പെട്ട തൊഴിലാളികളുടെ അസ്വസ്ഥജനകമായ ചിത്രങ്ങൾ, സർക്കാറിനെ ലക്ഷ്യം വയ്ക്കാൻ പ്രതിപക്ഷത്തിന് അവസരമൊരുക്കി. സുപ്രിം കോടതി നിർദ്ദേശങ്ങളും നിലവിലുള്ള നിയമങ്ങളും ഉണ്ടായിരുന്നിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യർ ഇപ്പോഴും തോട്ടിപ്പണി തുടരുന്നു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും മാലിന്യം കൈകൊണ്ട് കൈകാര്യം ചെയ്യുന്നത് നിരോധിക്കേണ്ടതിന്റെയും പ്രാധാന്യം കോടതി പലതവണ ഊന്നിപ്പറഞ്ഞിട്ടുണ്ട്. 'ബിജെപി സർക്കാർ എല്ലായ്‌പ്പോഴും ദലിതരെയും ദരിദ്രരെയും ചൂഷണം ചെയ്തിട്ടുണ്ട്. തോട്ടിപ്പണി എങ്ങനെയാണ് നടക്കുന്നതെന്ന് നോക്കൂ. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണം.' ഡൽഹി എഎപി പ്രസിഡന്റ് സൗരഭ് ഭരദ്വാജ് എക്‌സിൽ പോസ്റ്റ് ചെയ്തു. താമസിയാതെ പിഡബ്ല്യുഡി പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഡൽഹി ജൽ ബോർഡുമായി ബന്ധപ്പെട്ട ഒരു അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി അടുത്തിടെ മരിച്ചിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം 2019നും 2023നും ഇടയിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ 377 പേർ മരിച്ചു. ദേശീയ സഫായി കർമ്മചാരി കമ്മീഷന്റെ കണക്കനുസരിച്ച് 2013നും 2024നും ഇടയിൽ ഡൽഹിയിൽ മാത്രം ശുചീകരണ പ്രവർത്തനത്തിനിടെ 72 പേർ മരണപ്പെട്ടു.