< Back
India
തന്നേക്കാൾ ഭാരമുള്ള കൂറ്റന്‍ പാഴ്‌സലും ചുമലിലേറ്റി ആറാം നിലയിലേക്ക് നടന്നുകയറുന്ന ഡെലിവറി ഏജന്റ്;  കുറച്ച് മനുഷ്യത്വം കാട്ടൂവെന്ന് സോഷ്യൽമീഡിയ
India

തന്നേക്കാൾ ഭാരമുള്ള കൂറ്റന്‍ പാഴ്‌സലും ചുമലിലേറ്റി ആറാം നിലയിലേക്ക് നടന്നുകയറുന്ന ഡെലിവറി ഏജന്റ്; കുറച്ച് മനുഷ്യത്വം കാട്ടൂവെന്ന് സോഷ്യൽമീഡിയ

ലിസി. പി
|
3 Feb 2026 8:46 AM IST

ഇന്ത്യയില്‍ അധ്വാനിക്കുന്നവന് അര്‍ഹതപ്പെട്ട ബഹുമാനമോ മാനുഷിക പരിഗണനയോ ലഭിക്കുന്നില്ലെന്നാണ് ഭൂരിഭാഗം പേരുടെയും കമന്‍റ്

ഇന്ന് ഒട്ടുമിക്ക പേരും ഓണ്‍ലൈന്‍ ഡെലിവറിയെ ആശ്രയിക്കുന്നവരാണ്. ഭക്ഷണമായാലും മറ്റ് സാധനങ്ങളായാലും വീട്ടുപടിക്കല്‍ എത്തുന്നതിനാല്‍ കൂടുതല്‍ സൗകര്യപ്രദവുമാണ്. ഇത്തരം ഓണ്‍ലൈന്‍ ഡെലിവറികള്‍ വ്യാപകമായതിന് പിന്നാലെ പല ഹൗസിങ്ങ്‌ സൊസൈറ്റികളും ഹോട്ടലുകളുമെല്ലാം ഡെലിവറി ജീവനക്കാര്‍ക്ക് ലിഫ്റ്റ് പോലുള്ള സൗകര്യങ്ങൾ വിലക്കിയതും വാര്‍ത്തയായിരുന്നു. ലിഫ്റ്റ് ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ ഭാരമേറിയ പാഴ്സല്‍ ചാക്കും തോളിലേറ്റി ആറാം നിലയിലേക്ക് പടികള്‍ കയറിപ്പോകുന്ന ഡെലിവറി ഏജന്‍റിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ പടികൾ കയറുന്ന ജീവനക്കാരന്‍,തോളിലുള്ള ഭാരം താങ്ങാന്‍ പറ്റാതെ ക്ഷീണിതനാകുന്നതും വിഡിയോയിലുണ്ട്. ഏറെ നേരം പണിപ്പെട്ടതിന് ശേഷം അദ്ദേഹം അപ്പാര്‍ട്ട്മെന്‍റിലെത്തി സാധനം കൈമാറുകയും ചെയ്യുന്നുണ്ട്. 'ലിഫ്റ്റ് ഉപയോഗിക്കാന്‍ ഹൗസിങ്ങ്‌ സൊസൈറ്റി അനുവാദം നല്‍കാത്തതിനാല്‍ ആറാം നിലയിലേക്ക് സാധനങ്ങൾ കൊണ്ടുവരാൻ ഡെലിവറി ഏജന്‍റിന് പടികൾ കയറേണ്ടി വന്നു ' എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു. ഹൗസിങ്ങ്‌ സൊസൈറ്റിയുടെ നിയമങ്ങള്‍ മനുഷ്യത്വരഹിതവും വിവേചനപരവുമാണെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. തന്‍റെ ശരീരത്തേക്കാള്‍ ഭാരമുള്ള സാധനങ്ങളുമായി ഇത്രയും പടികള്‍ കയറിയിറങ്ങുന്ന ആ മനുഷ്യന്‍റെ ശാരീരിക ബുദ്ധിമുട്ടുകള്‍ എത്രയാകുമെന്ന് ചിലര്‍ ചോദിച്ചു. ഇന്ത്യയില്‍ അധ്വാനിക്കുന്നവന് അര്‍ഹതപ്പെട്ട ബഹുമാനമോ,മാനുഷിക പരിഗണനയോ ലഭിക്കാറില്ലെന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ അഭിപ്രായം.

"നാലിൽ കൂടുതൽ നിലകളുള്ള സൊസൈറ്റികൾക്ക് സർവീസ് ലിഫ്റ്റ് ഇല്ലേ? ഇല്ലെങ്കിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ ചോദ്യം ചെയ്യണം. ഉണ്ടെങ്കിൽ, ചരക്ക് നീക്കത്തിന് സർവീസ് ലിഫ്റ്റ് ഉപയോഗിക്കണം. സർവീസ് ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ, അവർക്കെതിരെ കേസെടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ഇത്രയും ഭാരം ചുമന്ന് ആറ് നിലകള്‍ കയറാന്‍ ആ മനുഷ്യനെ പ്രേരിപ്പിച്ചത് ആരായാലും അവര്‍ക്കെതിരെ കേസെടുക്കണം.ആ മനുഷ്യന് ഹൃദയാഘാതം സംഭവിച്ച് ജീവൻ നഷ്ടപ്പെട്ടെങ്കിലോ. ദരിദ്രരായ തൊഴിലാളികളോടുള്ള ഇന്ത്യൻ മധ്യവർഗത്തിന്റെ അവജ്ഞ അസഹ്യമാണെന്നും മറ്റ് ചിലര്‍ രോഷം പ്രകടിപ്പിച്ചു. ഹൗസിംഗ് സൊസൈറ്റിയുടെ പേര് വെളിപ്പെടുത്തണമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പലരും ആവശ്യപ്പെട്ടു,

അതേസമയം, ഹൗസിങ്ങ്‌ സൊസൈറ്റികളുടെ തീരുമാനത്തെ ന്യായീകരിച്ചും ചിലരെത്തി. ഭാരമേറിയ സാധനങ്ങള്‍ കയറ്റുന്നത് മൂലം ലിഫ്റ്റ് കേടുവരുമെന്നും അറ്റകുറ്റപ്പണികള്‍ക്ക് കാരണമാകുമെന്നുമാണ് ഇവരുടെ വാദം.



Similar Posts