< Back
India
‘Demographic change feared’: House sale to Muslim sparks protest in Moradabad
India

മുസ്‌ലിം ഡോക്ടർക്ക് വീട് വിറ്റതിനെതിരെ മൊറാദാബാദിൽ പ്രതിഷേധം

Web Desk
|
5 Dec 2024 2:33 PM IST

ഹിന്ദു ഭൂരിപക്ഷ മേഖലയിൽ മുസ്‌ലിംകൾ താമസത്തിനെത്തുന്നത് ജനസംഖ്യാ ഘടന താറുമാറാക്കും എന്ന് ആരോപിച്ചാണ് പ്രതിഷേധം.

ബറേലി: മുസ്‌ലിം ഡോക്ടർക്ക് വീട് വിറ്റതിനെതിരെ ഉത്തർപ്രദേശിലെ മൊറാദാബാദിൽ പ്രതിഷേധം. ഹിന്ദു ഭൂരിപക്ഷ മേഖലയായ പോഷ് ടിഡിഐ സിറ്റി ഹൗസിങ് സൊസൈറ്റിയിലാണ് ചൊവ്വാഴ്ച പ്രതിഷേധവുമായി താമസക്കാർ തെരുവിലിറങ്ങിയത്. മുസ്‌ലിംകൾ ഇവിടെ താമസത്തിനെത്തുന്നത് ജനസംഖ്യാ ഘടന താറുമാറാക്കും എന്നാരോപിച്ചാണ് സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധിച്ചത്. 450 ഹിന്ദു കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്.

കോളനിയിലെ താമസക്കാരനായിരുന്ന ഡോക്ടർ അശോക് ബജാജ് ആണ് സഹപ്രവർത്തകയായ ഇഖ്‌റ ചൗധരിക്ക് വീട് വിറ്റത്. വീട് വിൽക്കുന്നതിനെ കുറിച്ച് ബജാജ് ആരെയും അറിയിച്ചിരുന്നില്ലെന്ന് താമസക്കാർ പറഞ്ഞു. ഇവിടെ നേരത്തെ മുസ്‌ലിംകൾ താമസിച്ചിരുന്നില്ല, മുസ്‌ലിംകൾ് താമസിച്ചാൽ സമുദായിക സൗഹാർദം തകരുമെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

തങ്ങളെ അറിയിക്കാതെ ബജാജ് വീട് ഒരു അഹിന്ദുവിന് വിറ്റു. തങ്ങൾ ഇവിടെ വളരെ സമാധാനപരമായാണ് കഴിയുന്നത്. ഒരു പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. സ്ഥലം വിറ്റതിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാണ് തങ്ങൾ ബജാജിനോട് ആവശ്യപ്പെടുന്നത്. ജില്ലാ ഭരണകൂടത്തിനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്നും പ്രതിഷേധക്കാരിൽപ്പെട്ട പായൽ രസ്‌തൊഗി പറഞ്ഞു.

ഒരു സമുദായത്തോടും തങ്ങൾക്ക് ശത്രുതയില്ല. നിലവിലുള്ള സിസ്റ്റം മാറ്റാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. 15 വർഷത്തിലേറെയായി ഇതാണ് തങ്ങളുടെ വീട്. ഹിന്ദുക്കൾ തന്നെ ഇവിടെ താമസത്തിന് എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ ഹിന്ദുക്കൾ ഇവിടെ വിട്ടുപോകും. അത് പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും മറ്റൊരു താമസക്കാരിയായ പല്ലവി പറഞ്ഞു.

സമീപസ്ഥലങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു വീട് അഹിന്ദുവിന് വിറ്റാൽ മറ്റുള്ളവരും അതേ മാർഗം പിന്തുടരും. പിന്നെ പ്രദേശത്തിന് അതിന്റെ സ്വഭാവം നഷ്ടമാകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

പ്രതിഷേധക്കാരുടെ പരാതി ലഭിച്ചതായി മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റായ അനൂജ് കുമാർ സിങ് പറഞ്ഞു. പ്രദേശത്തെ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവിഭാഗവുമായി സംസാരിച്ച് സമാധാനപരമായ പരിഹാരമുണ്ടാക്കാനും സാമുദായിക സൗഹാർദം നിലനിർത്താനുമാണ് ശ്രമിക്കുന്നതെന്നും അനൂജ് കുമാർ സിങ് പറഞ്ഞു.

Related Tags :
Similar Posts