< Back
India
suspension
India

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രിക്ക് പുറത്തു പ്രസവിച്ചു; രാജസ്ഥാനില്‍ മൂന്നു സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

Web Desk
|
5 April 2024 8:20 AM IST

രാജസ്ഥാനിലെ കണ്‍വതിയ സര്‍ക്കാര്‍ ആശുപത്രിയിലെ മൂന്നു റസിഡന്‍റ് ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി

ജയ്പൂര്‍: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണി ആശുപത്രിക്ക് പുറത്ത് പ്രസവിച്ച സംഭവത്തില്‍ മൂന്നു സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍.രാജസ്ഥാനിലെ കണ്‍വതിയ സര്‍ക്കാര്‍ ആശുപത്രിയിലെ മൂന്നു റസിഡന്‍റ് ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി.

കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തതെന്ന് മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് പറഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ കണ്‍വതിയ ആശുപത്രിയിലെത്തിച്ചപ്പോള്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയും ജനാന ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കണ്‍വതിയയില്‍ തന്നെ യുവതിയെ പ്രവേശിപ്പിക്കണമെന്ന് ഭര്‍ത്താവ് അശോക് ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ നിലപാടില്‍ ഉറച്ചുനിന്നു. ഇതിനെ തുടര്‍ന്ന് അശോകും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആശുപത്രി പരിസരത്തു നിന്നും പോകാന്‍ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സും വിട്ടുനല്‍കിയില്ല. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ഉടൻ ആശുപത്രി കെട്ടിടത്തോട് ചേർന്നുള്ള സ്ഥലത്ത് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. ആശുപത്രിക്ക് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്ന് ജീവനക്കാർ യുവതിയെ വനിതാ വാർഡിലേക്ക് കൊണ്ടുപോയി.

സംഭവത്തെ തുടര്‍ന്ന് സിവിൽ ലൈൻസ് എം.എൽ.എ ഗോപാൽ ശർമ ആശുപത്രിയിലെത്തി സൂപ്രണ്ട് രാജേന്ദ്ര സിംഗ് തൻവാറിനെ കണ്ട് ജീവനക്കാരുടെ നിലപാടിനെതിരെ ആഞ്ഞടിച്ചു. യുവതിയുടെ കുടുംബത്തെ കണ്ട് എല്ലാ സഹായവും ഉറപ്പ് നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയായിരുന്നു.

Similar Posts