
' ഇങ്ങോട്ട് വരണമെന്നുണ്ടെങ്കിൽ, അതിനെക്കുറിച്ച് ആലോചിക്കാം'; ഉദ്ധവിനെ ഭരണപക്ഷത്തേക്ക് ക്ഷണിച്ച് ഫഡ്നാവിസ്
|നോക്കൂ ഉദ്ധവ്-ജി, 2029 വരെ ഞങ്ങൾക്ക് പ്രതിപക്ഷത്ത് വരേണ്ട സാഹചര്യമില്ല
മുംബൈ: ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെയെ ഭരണപക്ഷത്തേക്ക് ക്ഷണിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നിയമസഭയിൽ പ്രതിപക്ഷ നേതാവും താക്കറെ പക്ഷ ശിവസേനാംഗവുമായ അംബാദാസ് ദൻവെയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കവെ ആയിരുന്നു ഫഡ്‌നാവിസിന്‍റെ പരാമർശം.
"നോക്കൂ ഉദ്ധവ്-ജി, 2029 വരെ ഞങ്ങൾക്ക് പ്രതിപക്ഷത്ത് വരേണ്ട സാഹചര്യമില്ല. എന്നാൽ നിങ്ങൾക്ക് ഇങ്ങോട്ട് വരണമെന്നുണ്ടെങ്കിൽ, അതിനെക്കുറിച്ച് ആലോചിക്കാം. അത് നിങ്ങളെ ആശ്രയിച്ചിരിക്കും, പരിഗണിക്കാവുന്നതാണ്". ഫഡ്‌നാവിസ് ഉദ്ധവ് താക്കറെയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അംബാദാസ് ദൻവെ പാർട്ടിയിലോ പ്രതിപക്ഷത്തോ എവിടെയായിരുന്നാലും അദ്ദേഹത്തിന്‍റെ യഥാർത്ഥ ചിന്തകൾ വലതുപക്ഷത്തിന്‍റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാൺ സേന അധ്യക്ഷൻ രാജ് താക്കറെയും വീണ്ടും ഒരുമിച്ച് ഒരേ വേദിയിലെത്തിയതിന് പിന്നാലെയാണ് ഫഡ്നാവിസിന്‍റെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.
"അത് വിടൂ. ചില കാര്യങ്ങൾ ലഘുവായി എടുക്കണം," എന്നായിരുന്നു ഫഡ്‌നാവിസിന്‍റെ വാഗ്ദാനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉദ്ധവിന്‍റെ മറുപടി.
വരാനിരിക്കുന്ന മുംബൈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി താക്കറെ കസിൻസ് ഇതുവരെ സഖ്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഹാരാഷ്ട്രയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് സഹോദരന്‍മാര്‍ ഒന്നിക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണെന്ന് സേന യുബിടി എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ജൂലൈ 5ന് നടന്ന മെഗാറാലിയിൽ താക്കറെ കസിൻസ് അനുരഞ്ജന പാതയിലാണെന്ന സൂചന ഉദ്ധവ് നൽകിയിരുന്നു. "ഒന്നിച്ചു നിൽക്കാനാണ് ഞങ്ങൾ ഒന്നിച്ചത്. മുംബൈയിലും മഹാരാഷ്ട്രയിലും ഞങ്ങൾ അധികാരം പിടിച്ചെടുക്കും," എന്നാണ് ഉദ്ധവ് പറഞ്ഞത്. 2005ലാണ് ഉദ്ധവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജ് താക്കറെ അവിഭക്ത ശിവസേനയിൽ നിന്ന് പിരിഞ്ഞ് മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിക്കുന്നത്.