
'എല്ലാവരും മികച്ച അഭിനേതാക്കൾ, ഓസ്കറിന് അർഹരായവർ'; ബിജെപി എംപിമാർക്ക് പരിക്കേറ്റത് വ്യാജമെന്ന് ജയ ബച്ചൻ
|അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അംബേദ്കർ വിരുദ്ധ പ്രസ്താവനയിൽ പ്രതികരിച്ച് സമാജ്‍വാദി പാർട്ടി എംപി ജയ ബച്ചൻ. ബിജെപി എംപിമാർക്ക് പരിക്കേറ്റു എന്ന ആരോപണം വ്യാജമാണെന്ന് ജയ ബച്ചൻ പറഞ്ഞു. സംഭവം സ്ക്രിപ്റ്റനുസരിച്ചുള്ള നാടകമായിരുന്നു എന്നും അതിനവർക്ക് ഓസ്കർ നൽകണമെന്നും ജയ ബച്ചൻ കൂട്ടിച്ചേർത്തു.
ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുട്ട് എന്നിവരാണ് കോൺഗ്രസ് എംപിമാരുടെ ആക്രമണത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് ചികിത്സ തേടിയത്. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി തന്നെ അപമാനിച്ചുവെന്നാരോപിച്ച് നാഗാലാൻഡ് എംപിയും രംഗത്തെത്തിയിരുന്നു. തന്റെ കരിയറിലുടനീളം കാഴ്ച വെച്ചതിനേക്കാൾ മികച്ച പ്രകടനമായിരുന്നു നാഗാലാൻഡ് എംപി ഉൾപ്പടെയുള്ളവരുടേത് എന്ന് ജയ ബച്ചൻ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുൽ ഗാന്ധിയുടെത് എന്നാണ് നാഗാലാൻഡ് എംപി ഫാംഗ് നോൻ കൊന്യാക്ക് ആരോപിച്ചത്.
'പാർലമെന്റിലേക്ക് പോകാനായിരുന്നു ഞങ്ങളെല്ലാം എത്തിയത്. എന്നാൽ അവർ ഞങ്ങളെ തടയുകയായിരുന്നു. രാജ്പുട്ജിക്കും സാരംഗിജിക്കും നാഗാലാൻഡിൽ നിന്നുള്ള വനിത എംപിക്കും മികച്ച പ്രകടനത്തിന് ഓസ്കർ കൊടുക്കണം. എന്റെ കരിയറിലുടനീളം ഞാൻ കാഴ്ചവെച്ചതിനേക്കാളും മികച്ച പ്രകടനമായിരുന്നു അവരുടെത്' എന്ന് ജയ ബച്ചൻ പറഞ്ഞു.
അംബേദ്‌കർ എന്ന് ഉരുവിടുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസിന് സ്വര്‍ഗത്തില്‍ പോകാമെന്നായിരുന്നു ഭരണഘടനാ ചർച്ചക്കിടെ രാജ്യസഭയിൽ അമിത് ഷാ പറഞ്ഞത്. അംബേദ്‌കറിന്റെ പേര് ഉച്ചരിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് കഴിഞ്ഞദിവസം പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അംബേദ്കർ പ്രതിമക്ക് മുന്നിൽ നീല വസ്ത്രം ധരിച്ചായിരുന്നു ഇൻഡ്യാ മുന്നണിയുടെ പ്രതിഷേധം.