< Back
India
Design a digital clock for Indian Railway
India

റെയിൽവെക്ക് നല്ലൊരു ക്ലോക്ക് വേണം; ഡിസൈൻ ഇഷ്ടപ്പെട്ടാൽ അഞ്ച് ലക്ഷം രൂപ സമ്മാനം

Web Desk
|
14 May 2025 1:47 PM IST

തെരഞ്ഞെടുക്കപ്പെടുന്ന ഡിസൈനുകള്‍ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനില്‍ ഉടനീളം സ്ഥാപിക്കും

ഡൽഹി: നല്ലൊരു ഡിസൈനറാണോ നിങ്ങൾ? വ്യത്യസ്തമായ ആശയവും ഭാവനയുമുണ്ടോ? നല്ലൊരു ക്ലോക്ക് മോഡൽ മനസിലുണ്ടോ? എങ്കിൽ റെയിൽവെയിലേക്ക് അപേക്ഷിച്ചോളൂ..അഞ്ച് ലക്ഷം രൂപ കൈയിൽ കിട്ടും. ഇന്ത്യൻ റെയിൽവെക്ക് വേണ്ടി ആകര്‍ഷകമായ ഡിജിറ്റൽ ക്ലോക്ക് ഡിസൈൻ ചെയ്യുന്നവര്‍ക്കാണ് സമ്മാനം. മികച്ച ഡിസൈന് അഞ്ച് ലക്ഷം രൂപയാണ് സമ്മാനം.

മികച്ച ഡിസൈനുകൾ തേടി റെയിൽവെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രൊഫഷണലുകള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് മത്സരം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഡിസൈനുകള്‍ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനില്‍ ഉടനീളം സ്ഥാപിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ഈ മത്സരത്തില്‍ പങ്കെടുക്കുന്ന അഞ്ച് പേര്‍ക്ക് 50,000 രൂപ വീതമുള്ള പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. മൂന്ന് വിഭാഗങ്ങളിലും പ്രോത്സാഹന സമ്മാനങ്ങളുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മേയ് 31-നകം അപേക്ഷ സമര്‍പ്പിക്കണം.

ഉയർന്ന റെസല്യൂഷനിൽ വാട്ടർമാർക്കോ ലോഗോയോ ഇല്ലാതെ ഒറിജിനാലിറ്റി സർട്ടിഫിക്കറ്റ് സഹിതം എൻട്രികൾ സമർപ്പിക്കണമെന്ന് റെയിൽവേ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (ഇൻഫർമേഷൻ & പബ്ലിസിറ്റി) ദിലീപ് കുമാർ പറഞ്ഞു. പങ്കെടുക്കുന്നവർക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം. കൂടാതെ ഓരോ എൻട്രിയും ഡിസൈനിന് പിന്നിലെ തീമും ആശയവും വിശദീകരിക്കുന്ന ഒരു ഹ്രസ്വ ആശയ കുറിപ്പ് സഹിതം സമർപ്പിക്കണം.

മത്സരാര്‍ഥികള്‍ക്ക് contest.pr@rb.railnet.gov.in എന്ന വിലാസത്തില്‍ എന്‍ട്രി അപേക്ഷകള്‍ സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന എല്ലാ ഡിസൈനുകളും സ്വന്തമായി കണ്ടെത്തിയതായിരിക്കണമെന്നും റെയില്‍വേ നിര്‍ദേശമുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം. 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സാധുവായ ഒരു സ്‌കൂള്‍ ഐഡി കാര്‍ഡ് കാണിക്കണം. അംഗീകൃത കോളജിലോ സര്‍വകലാശാലയിലോ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഐഡി കാര്‍ഡ് നല്‍കാം. ഈ രണ്ട് വിഭാഗത്തിലും ഉള്‍പ്പെടാത്തവര്‍ക്ക് പ്രൊഫഷണല്‍ വിഭാഗത്തില്‍ മത്സരത്തില്‍ പങ്കെടുക്കാം.

ഇന്ത്യയിൽ 8,000-ത്തിലധികം റെയിൽവേ സ്റ്റേഷനുകളുണ്ട്, അവയിൽ ഭൂരിഭാഗവും പരമ്പരാഗത ക്ലോക്കാണ് ഉപയോഗിക്കുന്നത്.പല സ്റ്റേഷനുകളിലും ഡിജിറ്റൽ ക്ലോക്കുകൾ ഉണ്ട്. 1,300-ലധികം സ്റ്റേഷനുകളെ അമൃത് ഭാരത് സ്റ്റേഷനുകളായി വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവെ. ഈ സ്റ്റേഷനുകളിൽ ഡിജിറ്റൽ ക്ലോക്കുകൾ സ്ഥാപിക്കും.

Similar Posts