< Back
India
Despite the loss in Bihar, Congress gets relief in two other states victory in by-elections

hoto| Special Arrangement

India

ബിഹാറിലെ വീഴ്ചയിലും കോൺ​ഗ്രസിന് മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ ആശ്വാസം; ഉപതെര‍ഞ്ഞെടുപ്പിൽ ​മികച്ച വിജയം

Web Desk
|
14 Nov 2025 3:10 PM IST

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി എംഎൽഎ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ആദ്യത്തെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായതെങ്കിൽ ബിആർഎസ് എംഎൽഎയുടെ മരണത്തെ തുടർന്നാണ് രണ്ടാമത്തെ ഇടത്തേക്ക് വീണ്ടും വോട്ടെടുപ്പ് എത്തിയത്.

ഹൈദരാബാദ്: ബിഹാറിലേറ്റ കനത്ത വീഴ്ചയുടെ ആഘാതത്തിലും മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ കോൺ​ഗ്രസിന് ആശ്വാസത്തിന്റെ നിമിഷങ്ങൾ. ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ ആന്ത, തെലങ്കാനയിലെ ജൂബിലി ഹിൽസ് എന്നീ മണ്ഡലങ്ങളിലാണ് പാർട്ടിക്ക് സന്തോഷിക്കാൻ വകയുള്ളത്. ഇരു മണ്ഡലങ്ങളിലും കോൺ​ഗ്രസ് സ്ഥാനാർഥികൾ മികച്ച വിജയം നേടി.

ആന്തയിൽ കോൺ​ഗ്രസ് സ്ഥാനാർഥി മനോജ് ജെയിൻ ഭായ 15,612 വോട്ടുകൾക്കാണ് ബിജെപിയുടെ മോർപാൽ സുമനെ പരാജയപ്പെടുത്തിയത്. മുൻ മന്ത്രി കൂടിയായ പ്രമോദ് ഭായ 69,571 വോട്ടുകൾ നേടിയപ്പോൾ 53,959 വോട്ടുകളാണ് ബിജെപി സ്ഥാനാർഥിക്ക് നേടാനായത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി എംഎൽഎ കൻവർ ലാൽ മീണ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ആന്തയിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. നവംബർ 11നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. 200 അംഗ നിയമസഭയിൽ ഇതുകൂടി ചേർന്നാൽ 67 സീറ്റുകളാകും കോൺ​ഗ്രസിന്. അധികാരത്തിലുള്ള ബിജെപിക്ക് 117 സീറ്റുകളാണുള്ളത്.

ജൂബിലി ഹിൽസിൽ കോൺ​ഗ്രസ് സ്ഥാനാർഥി നവീൻ യാദവ് 24,729 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഭാരത് രാഷ്ട്ര സമിതിയുടെ മ​ഗാന്ദി സുനിത ​ഗോപിനാഥാണ് രണ്ടാമത്. ബിജെപിയുടെ ദീപക് റെഡ്ഡി ലൻകാല മൂന്നാം സ്ഥാനത്താണ്. നവീൻ യാദവ് 98,988 വോട്ടുകൾ നേടിയപ്പോൾ 74,259 വോട്ടുകളാണ് മാഗന്ദി സുനിതയ്ക്ക് ലഭിച്ചത്. കേവലം 17,061 വോട്ടുകൾ കൊണ്ട് ബിജെപി സ്ഥാനാർഥിക്ക് തൃപ്തിപ്പെടേണ്ടിവന്നു. ജൂബിലി ഹിൽസിലും നവംബർ 11നാണ് വോട്ടെടുപ്പ് നടന്നത്.

2023ൽ ബിആർഎസിന്റെ മ​ഗാന്ദി ​ഗോപിനാഥായിരുന്നു ഇവിടെ നിന്ന് ജയിച്ചത്. എന്നാൽ ജൂണിൽ അദ്ദേഹത്തിന്റെ മരണത്തോടെയാണ് മണ്ഡലത്തിൽ ഉപതെര‍ഞ്ഞെടുപ്പിന് വഴിതുറന്നത്. 2014 മുതൽ ​ഗോപിനാഥാണ് ഇവിടെ എംഎൽഎ. മുമ്പ് തെലങ്കാന രാഷ്ട്ര സമിതിയായിരുന്ന പാർട്ടി പിന്നീട് ഭാരത് രാഷ്ട്ര സമിതിയായി മാറുകയായിരുന്നു. മ​ഗാന്ദി ​ഗോപിനാഥിന്റെ ഭാര്യയാണ് നിലവിലെ സ്ഥാനാർഥിയായ സുനിത.

2023ലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയാണ് ​ഗോപിനാഥ് പരാജയപ്പെടുത്തിയിരുന്നത്. ഇതിനുള്ള പകരം വീട്ടലായാണ് കോൺ​ഗ്രസ് ഉപതെര‍‍ഞ്ഞെടുപ്പിനെ കണ്ടത്. ഇത്തവണ, അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട കോൺഗ്രസിന് ആന്തയിലെയും ജൂബിലി ഹിൽസിലേയും ഫലങ്ങൾ ചെറിയ തോതിലെങ്കിലും ആശ്വാസമേകുന്നതാണ്. മുമ്പ് വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഹരിയാനയടക്കം കോൺ​ഗ്രസിനെ കൈവിട്ടപ്പോൾ അധികാരം നൽകി ആശ്വാസമേകിയതും തെലങ്കാനയായിരുന്നു.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബീഹാറിൽ 19 സീറ്റുകൾ നേടിയ പാർട്ടി ഇപ്പോൾ നാല് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. സഖ്യകക്ഷിയായ ആർജെഡിയുടെ നിലയും പരിതാപകരമാണ്. 26 സീറ്റുകളിൽ മാത്രമാണ് ആർജെഡിയുടെ ലീഡ്. നിലവിൽ 201 സീറ്റുകളിൽ എൻഡിഎ മുന്നേറുമ്പോൾ 36 സീറ്റുകളിൽ മാത്രമാണ് ഇൻ‍ഡ്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്. 91 സീറ്റുകളിൽ ലീഡുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 82 സീറ്റുകളിലാണ് ജെഡിയുവിന് ലീഡ്.

Similar Posts