< Back
India
കാറുടമ സൽമാനിൽ നിന്ന് വാഹനം വാങ്ങിയത് ദേവേന്ദ്ര; രണ്ടാളുകൾ കൈമാറി ഉമർ മുഹമ്മദിന് ലഭിച്ചു; ഡൽഹി സ്‌ഫോടനത്തിൽ നിർണായക വിവരം
India

കാറുടമ സൽമാനിൽ നിന്ന് വാഹനം വാങ്ങിയത് ദേവേന്ദ്ര; രണ്ടാളുകൾ കൈമാറി ഉമർ മുഹമ്മദിന് ലഭിച്ചു; ഡൽഹി സ്‌ഫോടനത്തിൽ നിർണായക വിവരം

Web Desk
|
11 Nov 2025 11:16 AM IST

കാറോടിച്ചിരുന്ന ഉമർ മുഹമ്മദിന് ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും പരിശോധിച്ചുവരികയാണ്

ന്യൂഡൽഹി: എട്ട് പേരുടെ ജീവനെടുത്ത രാജ്യത്തെ നടുക്കിയ ഡൽഹി സ്‌ഫോടനത്തിൽ നിർണായക വഴിത്തിരിവുകൾ. കസ്റ്റഡിയിലെടുത്ത കാർ ഉടമ സൽമാനിൽ നിന്ന് ആദ്യം കാർ വാങ്ങിയത് ദേവേന്ദ്ര എന്നയാളെന്ന് റിപ്പോർട്ട്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാൾ വാഹനം വാങ്ങി പുൽവാമ സ്വദേശി താരിഖിന് കൈമാറുകയും താരിഖ് വാഹനം ഉമർ മുഹമ്മദിന് കൈമാറുകയും ചെയ്തു. കാറോടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെന്നാണ് സൂചന. ഫരീദാബാദ് കേസുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.

അതേസമയം, സാമ്പിളുകളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ എന്താണ് സ്ഫോടന കാരണമെന്ന് മനസിലാകു എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. സ്ഫോടനത്തിൽ ഇതുവരെ എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. 20ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബദർപൂർ ബോർഡർ വഴി ഇന്നലെ രാവിലെ 8:04 മണിക്കാണ് പൊട്ടിത്തെറിച്ച കാർ ഡൽഹിയിലേക്ക് കടന്നത്. ഇതുമായി ബന്ധപെട്ട് ഇതുവരെ 13 പേരെ ചോദ്യം ചെയ്തു.

ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ഇന്ന് അടച്ചിടും. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗെയ്റ്റുകൾ തുറക്കില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് നോർത്ത് ഡിസിപി രാജ ബന്തിയ പറഞ്ഞു. ഈ ഘട്ടത്തിൽ എല്ലാ വിശദാംശങ്ങളും പങ്കിടാൻ കഴിയില്ലെന്നും ഒരു നിഗമനത്തിലെത്തിയാൽ അറിയിക്കാമെന്നും ഡിസിപി. കാർ ഡൽഹിയിലേക്ക് കടന്നത് ബദർപൂർ ബോർഡർ വഴിയെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഹോട്ടലുകളിൽ പോലീസ് പരിശോധന നടത്തുന്നു.

Similar Posts