< Back
India
ധർമസ്ഥല ആക്രമണക്കേസ്; ഒരാൾ അറസ്റ്റിൽ
India

ധർമസ്ഥല ആക്രമണക്കേസ്; ഒരാൾ അറസ്റ്റിൽ

Web Desk
|
8 Aug 2025 1:46 PM IST

കന്യാടി സ്വദേശിയും ജീപ്പ് ഡ്രൈവറുമായ സോമനാഥ് സപല്യയാണ് അറസ്റ്റിലായത്

മംഗളൂരു: ധർമ്മസ്ഥലയിൽ മാധ്യമ പ്രവർത്തകരെ അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കന്യാടി സ്വദേശിയും ജീപ്പ് ഡ്രൈവറുമായ സോമനാഥ് സപല്യയാണ് (48) കൊക്കടയിൽ നിന്ന് അറസ്റ്റിലായത്.

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ ഒരു സംഘം ആളുകൾ യൂട്യൂബർമാർക്കും തുടർന്ന് ചാനൽ പ്രവർത്തകർക്കും നേരെ കൊലവിളിയും ആക്രമണവും നടത്തിയിരുന്നു.

ധർമ്മസ്ഥല ഗ്രാമത്തിലെ പങ്കല ക്രോസിൽ നാല് യൂട്യൂബർമാരെ ആക്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. അക്രമത്തിനിടെ ക്യാമറകൾ നശിപ്പിക്കുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഏകദേശം 15 മുതൽ 50 വരെ വ്യക്തികൾ ഉൾപ്പെടുന്ന സംഘത്തിനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 190 വകുപ്പുകൾക്കൊപ്പം 189(2), 191(2), 115(2), 324(5), 352, 307 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെൽത്തങ്ങാടി, ധർമ്മസ്ഥല പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ധർമ്മസ്ഥലയിൽ നാലും ബെൽത്തങ്ങാടിയിൽ മൂന്നുമാണ് കേസുകൾ. കുഡ്‌ല റാംപേജിലെ യൂട്യൂബർ അജയ് ആണ് സോമനാഥ് സപല്യക്കെതിരെ പരാതി നൽകിയത്. ബുധനാഴ്ച വൈകിട്ട് ധർമ്മസ്ഥലയിലെ പങ്കല ക്രോസിൽ ഒരു വ്യക്തിയുമായി വീഡിയോ അഭിമുഖം റെക്കോർഡ് ചെയ്യുന്നതിനിടെ സോമനാഥ് സപല്യയും സംഘവും സ്ഥലത്തെത്തി തന്നെയും ക്യാമറാമാൻ സുഹാസിനെയും ആക്രമിച്ചതായി അജയ് പരാതിയിൽ പറഞ്ഞു.

Similar Posts