< Back
India
ധർമസ്ഥല കൊലപാതക പരമ്പര; കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം വേണം; മുൻ സുപ്രിംകോടതി ജഡ്ജ്
India

ധർമസ്ഥല കൊലപാതക പരമ്പര; കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം വേണം; മുൻ സുപ്രിംകോടതി ജഡ്ജ്

Web Desk
|
17 July 2025 6:40 PM IST

ബംഗളൂരു പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന പ്രസ് മീറ്റിലാണ് മുൻ സുപ്രിംകോടതി ജഡ്ജായ വി. ഗോപാല ഗൗഡയും മുതിർന്ന അഭിഭാഷകരുമടങ്ങുന്ന സംഘത്തിന്റെ ആവശ്യം

ബംഗളൂരു: ധർമസ്ഥലയിൽ രഹസ്യമായി നടത്തിയ കൂട്ട ശവസംസ്‌കാരങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യവുമായി മുൻ സുപ്രിംകോടതി ജഡ്ജും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരുമടങ്ങുന്ന സംഘം. ബംഗളൂരു പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന പ്രസ് മീറ്റിലാണ് മുൻ സുപ്രിംകോടതി ജഡ്ജായ വി. ഗോപാല ഗൗഡയും മുതിർന്ന അഭിഭാഷകരുമടങ്ങുന്ന സംഘത്തിന്റെ ആവശ്യം.

കുറ്റകൃത്യം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ സാക്ഷിയും പരാതിക്കാരനുമായ വ്യക്തി മജിസ്ട്രേറ്റിനു മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അയാൾ തന്നെയാണ് ഇരകളെ കുഴിച്ചുമൂടിയതും. ഈ വിവരങ്ങളെല്ലാം തന്നെ പൊതുജനങ്ങൾക്ക് മുമ്പിൽ ലഭ്യമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗൗഡ പറഞ്ഞു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അതിന് പിന്നാലെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടും കേസ് അന്വേഷണം കൃത്യമായി നടക്കുന്നില്ല. സത്യം പുറത്തുകൊണ്ടുവരിക എന്നത് പൊലീസിന്റെ ചുമതലയാണെന്നും അന്വേഷണത്തിലെ അപാകതകളെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിശദമായ മെമോറാണ്ടം വഴി അറിയിച്ചിട്ടുണ്ടെന്നും ഗൗഡ വ്യക്തമാക്കി.

വളരെ ഗൗരവമുള്ള ആരോപണങ്ങളായിട്ടുകൂടി കേസ് അന്വേഷിക്കുന്നത് ഡെപ്യൂട്ടി എസ്പിക്ക് കീഴിലെ സബ് ഇൻസ്പെക്ടർ ആണെന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്നും പത്രസമ്മേളനത്തിൽ ആരോപിച്ചു. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ ഏറെ ഗൗരവമുള്ളതാണ്. കൂട്ട ബലാത്സംഗം, കൊലപാതകം, നിയമവിരുദ്ധമായ ശവ സംസ്‌കാരം തുടങ്ങിയ കുറ്റങ്ങളാണ് ഉയർന്ന രാഷ്ട്രീയ സാമൂഹിക സ്വാധീനമുള്ള വ്യക്തികൾക്കുമേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ പ്രാദേശികമായി നടത്തുന്ന അന്വേഷണത്തിന്റെ നിഷ്പക്ഷതയും കൃത്യതയും സംശയകരമാണെന്നും അഭിഭാഷകർ പറയുന്നു.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കോടതിയുടെ മേൽനോട്ടത്തോടെ പ്രത്യേക അന്വേഷണ സംഘം വേണമെന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം. അന്വേഷണത്തിന്റെ ദൃശ്യങ്ങൾ കൃത്യമായി പകർത്തണം, ക്രൈം നടന്ന സ്ഥലം വിശദമായി പരിശോധിക്കണം, കുറ്റം ചെയ്തതായി സംശയിക്കുന്നവരെ സ്ഥാനമാനങ്ങൾ കണക്കിലെടുക്കാതെ ഉടനടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 211(a) പ്രകാരം കോടതിയുടെ അനുമതിയോടെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നതടക്കമുള്ള സുപ്രധാനമായ നടപടികൾ എടുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി നിയമവിദഗ്ധർ ആരോപിക്കുന്നു.

1998 മുതൽ 2014 വരെയുള്ള കാലയളവിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സ്‌കൂൾ കുട്ടികൾ അടക്കമുള്ള നിരവധി പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടേണ്ടി വന്നുവെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. പശ്ചാത്താപം കൊണ്ടാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ധർമസ്ഥല സൂപ്പർവൈസറുടെ ഭീഷണിക്ക് വഴങ്ങിയാണ് മൃതദേഹങ്ങൾ മറവുചെയ്യേണ്ടി വന്നതെന്നാണ് ആരോപണം. ജൂലൈ മൂന്നിനാണ് സംഭവത്തിൽ പരാതി നൽകുന്നത്.

Similar Posts