< Back
India
ധർമസ്ഥല എസ്ഐടി തലവൻ പ്രണബ് മൊഹന്തി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; അരുൺ ചക്രവർത്തി പുതിയ ഡിജിപി
India

ധർമസ്ഥല എസ്ഐടി തലവൻ പ്രണബ് മൊഹന്തി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; അരുൺ ചക്രവർത്തി പുതിയ ഡിജിപി

Web Desk
|
31 July 2025 5:59 PM IST

കേസ് അന്വേഷണം മൃതദേഹങ്ങൾ മറവുചെയ്ത സ്ഥലങ്ങളിൽ ഖനനം നടത്തി പരിശോധിക്കുന്ന ഘട്ടത്തിലെത്തിയതോടെ മൊഹന്തിയെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റുകയായിരുന്നു.

മംഗളൂരു: ധർമസ്ഥല ദുരൂഹമരണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ (എസ്ഐടി) തലവൻ പ്രണബ് കുമാർ മൊഹന്തിയെ ചുമതലയിൽനിന്ന് മാറ്റാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ചടുല നീക്കം. ആഭ്യന്തര സുരക്ഷ ഡിജിപി സ്ഥാനത്ത് നിന്ന് മൊഹന്തിയെ മാറ്റി. പകരം എഡിജിപി അരുൺ ചക്രവർത്തിക്ക് സ്ഥാനക്കയറ്റം നൽകി നിയമിച്ചു. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ഇദ്ദേഹമാവും എസ്ഐടിയെ നയിക്കുക. നിഷ്പക്ഷ അന്വേഷണം സാധ്യമാവാൻ മൊഹന്തിയാവണം എസ്ഐടി അധ്യക്ഷൻ എന്ന വിരമിച്ച ജഡ്ജിയുടെയും കൂട്ട ശവസംസ്കാര വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരന്റെ അഭിഭാഷകരുടേയും നിർദേശമായിരുന്നു സർക്കാർ പരിഗണിച്ചത്.

എന്നാൽ കേസ് അന്വേഷണം മൃതദേഹങ്ങൾ മറവുചെയ്ത സ്ഥലങ്ങളിൽ ഖനനം നടത്തി പരിശോധിക്കുന്ന ഘട്ടത്തിലെത്തിയതോടെ മൊഹന്തിയെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷന് 35 ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതിൽ കർണാടകയിൽ നിന്ന് ഡിജിപി പ്രണബ് കുമാർ മൊഹന്തിയെ മാത്രമാണ് ഉൾപ്പെടുത്തിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയാലും മൊഹന്തിയെ എസ്ഐടി തലവനായി നിലനിർത്താനാവുമോ എന്ന കാര്യം ചർച്ച ചെയ്യും എന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര ബുധനാഴ്ച പറഞ്ഞെങ്കിലും അതിനോടകം മൊഹന്തിയെ കർണാടക സർവീസിൽ നിന്ന് മാറ്റി പകരം നിയമനം നടത്തി ഭരണ വിഭാഗം അണ്ടർ സെക്രട്ടറി കെ.വി അശോക ഉത്തരവ് ഇറക്കിക്കഴിഞ്ഞിരുന്നു.

Similar Posts