< Back
India
ബോളിവുഡ് നടൻ ധര്‍മേന്ദ്ര അന്തരിച്ചു
India

ബോളിവുഡ് നടൻ ധര്‍മേന്ദ്ര അന്തരിച്ചു

Web Desk
|
24 Nov 2025 2:21 PM IST

മരണവിവരം എക്സിലൂടെ കരൺ ജോഹറാണ് സ്ഥിരീകരിച്ചത്

മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ധര്‍മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നേരത്തെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നടി ഹേമമാലിനിയാണ് ഭാര്യ. നടന്മാരായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ, അഹാന ഡിയോൾ, അജീത, വിജേത എന്നിവരാണ് മക്കൾ. 2012ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ധർമ്മേന്ദ്ര 1960-ൽ പുറത്തിറങ്ങിയ 'ദിൽ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെയാണ് തൻ്റെ കരിയർ ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്‍റെ നില വഷളായതിനെ തുടര്‍ന്ന് ഷാരൂഖ് ഖാനും സൽമാൻ ഖാനും ഉൾപ്പെടെയുള്ള താരങ്ങൾ ആശുപത്രിയിലെത്തിയിരുന്നു.

ധരം സിങ് ഡിയോൾ എന്നാണ് യഥാര്‍ഥ പേര്. 1935 ഡിസംബര്‍ 8ന് പഞ്ചാബിലെ ലുധിയാനയിലാണ് ജനനം. ജാട്ട് സമുദായക്കാരനാണ് ധര്‍മേന്ദ്ര. 19 വയസുള്ളപ്പോൾ ആദ്യവിവാഹം. പ്രകാശ് കോറായിരുന്നു. ആദ്യഭാര്യ. പിന്നീടാണ് നടി ഹേമമാലിനിയെ വിവാഹം കഴിക്കുന്നത്. അന്‍പഥ്', 'അനുപമ' തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. പിന്നീട് 'ഡ്രീംഗേള്‍', 'ഷോലെ' 'ധരംവീര്‍' എന്നീ സിനിമകളിലൂടെ നായകനിരയിലേക്ക് ഉയര്‍ന്നു. ഫൂൽ ഔർ പത്തർ, ചുപ്കെ ചുപ്കെ തുടങ്ങിയ ക്ലാസിക്കുകളിലെ പ്രകടനത്തിലൂടെ ധര്‍മേന്ദ്രയെ അന്നത്തെ യുവത്വം ആഘോഷമാക്കി മാറ്റി. ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു ഷോലെ. ധര്‍മേന്ദ്രയും അമിതാഭ് ബച്ചനും മത്സരിച്ച് അഭിനയിച്ച ചിത്രം തുടർച്ചയായി 286 ആഴ്ചകൾ മുംബൈയിലെ മിനര്‍വ തിയറ്ററിൽ പ്രദര്‍ശിപ്പിച്ചിരുന്നു.

ഷാഹിദ് കപൂറും കൃതി സോനനും അഭിനയിച്ച ' തേരി ബാത്തോം മേ ഐസാ ഉത്സാ ദിയാ' എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. അമിതാഭ് ബച്ചന്‍റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാകുന്ന ' ഇക്കിസ്' ആണ് ഇനി റിലീസാകാനുള്ള ചിത്രം. ഡിസംബര്‍ 25 നാണ് ചിത്രത്തിന്‍റെ റിലീസ്.

Similar Posts