< Back
India
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോഹ്‌ലി പുറത്തായതിന്റെ വിഷമത്തിൽ ഹൃദയാഘാതം, 14കാരി മരിച്ചു!; സത്യാവസ്ഥയെന്ത്...?
India

'ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോഹ്‌ലി പുറത്തായതിന്റെ വിഷമത്തിൽ ഹൃദയാഘാതം, 14കാരി മരിച്ചു!'; സത്യാവസ്ഥയെന്ത്...?

Web Desk
|
11 March 2025 10:02 PM IST

ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചു. സംഭവം കുട്ടിയുടെ കുടുംബത്തിനും നാടിനുമുണ്ടാക്കിയ വേദന വലുതായിരുന്നു.

ലഖ്നൗ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ന്യൂസിലൻഡും ഇന്ത്യയും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിനിടെ യുപിയിൽ 14കാരിക്ക് ദാരുണാന്ത്യം. ദിയോരിയ സ്വദേശിനിയായ പെൺകുട്ടിയാണ് മാച്ചിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. അഭിഭാഷകനായ അജയ് പാണ്ഡെയുടെ മകൾ പ്രിയാൻഷി പാണ്ഡെയാണ് മരിച്ചത്. ഇതിനു പിന്നാലെ, കളിയിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി വെറും ഒരു റണ്ണെടുത്ത് അപ്രതീക്ഷിതമായി പുറത്തായതിന്റെ ഷോക്കിലാണ് പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്നും മരിച്ചതെന്നും വാർത്തകൾ പരന്നു.

ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചു. സംഭവം കുട്ടിയുടെ കുടുംബത്തിനും നാടിനുമുണ്ടാക്കിയ വേദന വലുതായിരുന്നു. എന്നാൽ എന്താണ് സംഭവത്തിന്റെ സത്യാവസ്ഥ...? പ്രിയാൻഷി മരിച്ചത് വിരാട് കോഹ്‌ലി പുറത്തായതിനു പിന്നാലെയാണോ അല്ലയോ എന്നതിനെക്കുറിച്ച് വിശദീകരിച്ച് പിതാവും അയൽക്കാരും രം​ഗത്തെത്തി.

ആ സമയത്ത് പ്രിയാൻഷിയുടെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും ഒരു അയൽക്കാരൻ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. പ്രിയാൻഷിയുടെ പിതാവ് അജയ് പാണ്ഡെയും സംഭവത്തിൽ താൻ മനസിലാക്കിയ കാര്യങ്ങൾ പങ്കുവച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സ് കണ്ട ശേഷം താൻ മാർക്കറ്റിലേക്ക് പോയെന്ന് പിതാവ് പറഞ്ഞു.

രണ്ടാം ഇന്നിങ്സ് ആരംഭിച്ചപ്പോൾ, മകൾ കുടുംബത്തിലെ മറ്റുള്ളവർക്കൊപ്പം കളി കാണാനിരുന്നു. പെട്ടെന്ന്, പ്രിയാൻഷി കുഴഞ്ഞുവീഴുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻ തന്നെ പാണ്ഡെയെ വിവരമറിയിച്ചു. അദ്ദേഹം വീട്ടിലേക്കെത്തി മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും പ്രിയാൻഷി മരണത്തിന് കീഴടങ്ങി.

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടതില്ലെന്ന് പിതാവ് പറഞ്ഞു. തുടർന്ന് മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്ന് അന്ത്യകർമങ്ങൾ നടത്തി. ക്രിക്കറ്റ് മത്സരങ്ങളോട് മകൾക്ക് വലിയ അഭിനിവേശമുണ്ടായിരുന്നെങ്കിലും അതും അവളുടെ പെട്ടെന്നുള്ള മരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പിതാവ് വ്യക്തമാക്കി.

സംഭവത്തിന് ദൃക്സാക്ഷിയായ അയൽവാസി അമിത് ചന്ദ്ര പിതാവിന്റെ അഭിപ്രായത്തെ ശരിവച്ചു. സംഭവം താൻ വ്യക്തമായി കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയ ചന്ദ്ര, പ്രിയാൻഷിക്ക് ഹൃദയാഘാതം സംഭവിച്ചപ്പോൾ ഇന്ത്യൻ ടീമിന് വിക്കറ്റുകളൊന്നും നഷ്ടപ്പെട്ടിരുന്നില്ലെന്നും വിരാട് കോഹ്‌ലി അതുവരെ തന്റെ ഇന്നിങ്സ് ആരംഭിച്ചിരുന്നില്ലെന്നും വ്യക്തമാക്കി.

Similar Posts