
'രണ്ടു പേർ ഗുജറാത്തിൽ നിന്നുവന്ന് ബിഹാറിലെ വോട്ടർമാർ ആരെന്ന് പറയാമെന്ന് കരുതിയോ?'; വോട്ടർ അധികാർ യാത്രയിൽ തേജസ്വി യാദവ്
|ബിജെപി വക്താവിനെ പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു
ന്യൂഡൽഹി: നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമർശിച്ച് ആർജെഡി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിലായിരുന്നു തേജസ്വി യാദവിന്റെ വിമർശനം. രണ്ടു പേർ ഗുജറാത്തിൽ നിന്നുവന്ന് ബിഹാറിലെ വോട്ടർമാർ ആരെന്ന് പറയാമെന്ന് കരുതിയോയെന്ന് തേജസ്വി യാദവ് ചോദിച്ചു.
ബീഹാറിനെ തകർക്കാൻ ആണ് ഇവർ എത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അല്ല ഗോദി കമ്മീഷനാണ്. ബിജെപി പാർട്ടി സെല്ല് പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്. ബിജെപി വക്താവായി പ്രവർത്തിക്കുന്നു. ഭരണഘടനയെ സംരക്ഷിക്കുവാനാണ് നമ്മൾ പോരാടുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ടുകെട്ടാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ബൈക്കിലും, തുറന്ന ജീപ്പിലുമാണ് രാഹുലിന്റെ വോട്ടർ അധികാർ യാത്ര എട്ടാം ദിനം പുരോഗമിക്കുന്നത്. ഭരണഘടനയും അംബേദ്കർ ചിത്രവും ഉയർത്തിക്കാട്ടി ആണ് ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരായ ആരോപണങ്ങൾ. അദാനിക്കും അംബാനിക്കും വേണ്ടിയാണ് സാധാരണക്കാരുടെ വോട്ട് മോഷ്ടിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.