< Back
India
80 വർഷം കഴിഞ്ഞിട്ടും ദലിതർക്കെതിരായ വിവേചനം തുടരുന്നത് വേദനാജനകം: മദ്രാസ് ഹൈക്കോടതി
India

'80 വർഷം കഴിഞ്ഞിട്ടും ദലിതർക്കെതിരായ വിവേചനം തുടരുന്നത് വേദനാജനകം': മദ്രാസ് ഹൈക്കോടതി

Web Desk
|
17 May 2025 9:03 AM IST

പുതുക്കോട്ടൈയിലെയും കരൂരിലെയും ചില ക്ഷേത്രങ്ങളിൽ ദലിതർക്ക് ക്ഷേത്രപ്രവേശനം ഉറപ്പാക്കാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ചെന്നൈ: സ്വാതന്ത്ര്യം ലഭിച്ച് 80 വർഷം കഴിഞ്ഞിട്ടും ദലിതർക്കെതിരായ വിവേചനം തുടരുന്നത് വേദനാജനകമാണെന്ന് മദ്രാസ് ഹൈക്കോടതി.

പുതുക്കോട്ടെെ ജില്ലയിലെ ഒരു ക്ഷേത്രത്തിലും കരൂരിലെ മറ്റ് രണ്ട് ക്ഷേത്രങ്ങളിലും ദലിതര്‍ക്ക് ക്ഷേത്രപ്രവേശനം ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മെയ് 5ന് പുതുക്കോട്ടൈയില്‍ ദളിതരുടെ ഉടമസ്ഥതയിലുള്ള വീടുകളും വാഹനങ്ങളും ആക്രമിച്ചവരെ പിടികൂടണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഹരജി പരിഗണിക്കവെ പുതുക്കോട്ടൈ, കരൂർ ജില്ലകളിലെ കളക്ടർമാരെയും പൊലീസ് സൂപ്രണ്ടിനെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അവരുടെത് വൈറ്റ് കോളര്‍ ജോലി മാത്രമല്ലെന്നും ജാതിയുടെ പേരില്‍ അക്രമം നേരിടുമ്പോൾ പരാതി നൽകിയാൽ മാത്രം നപടി എന്നത് ശരയായ രീതിയില്ലെന്നും കേടാതി ഓര്‍മിപ്പിച്ചു.

ചില ഗ്രാമങ്ങളിൽ ദലിതർക്ക് ഷർട്ട് ധരിക്കാൻ അനുവാദമില്ല. തെരുവിലൂടെ നടക്കാൻ അനുവാദമില്ല. വേഷംമാറി സ്ഥിതിഗതികൾ പരിശോധിക്കാൻ കളക്ടർ പോയിരുന്നെങ്കിൽ സത്യം പുറത്തുവരുമായിരുന്നു- കോടതി വ്യക്തമാക്കി. അക്രമം നടന്ന മെയ് 4 മുതൽ മെയ് 7 വരെയുള്ള പുതുക്കോട്ടൈ ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങൾ സമർപ്പിക്കാൻ നിർദ്ദേശിച്ച കോടതി, എന്തുകൊണ്ടാണ് കളക്ടറും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിക്കാത്തതെന്നും കോടതി ചോദിച്ചു.

അതേസമയം അക്രമത്തിന്റെ വീഡിയോകൾ പ്രചരിച്ചിട്ടും വിവേചനം സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. മാരിയമ്മൻ ക്ഷേത്രത്തിൽ ദലിതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് അക്രമവും തീവയ്പ്പും നടന്നത്. ഒരു വീടും രണ്ട് കാറുകളും ആറ് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.

Similar Posts