
ഹൈക്കോടതി ഉത്തരവ് അനുസരിച്ചില്ല; ഡെപ്യൂട്ടി കലക്ടറെ തഹസില്‍ദാര്‍ സ്ഥാനത്തേയ്ക്ക് തരംതാഴ്ത്താന്‍ സുപ്രിംകോടതി നിർദേശം
|ജസ്റ്റിസുമാരായ ബി.ആര്‍ ഗവായിയും അഗസ്റ്റിന്‍ ജോര്‍ജ് മാസിഹും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്
ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവ് അനുസരിക്കാതിരുന്ന ഡെപ്യൂട്ടി കലക്ടറെ തഹസില്‍ദാര്‍ സ്ഥാനത്തേയ്ക്ക് തരംതാഴ്ത്താന്‍ നിർദേശം നൽകി സുപ്രിംകോടതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കുടിലുകള്‍ ബലമായി പൊളിച്ചു മാറ്റിയതിയതിനാണ് ഡെപ്യൂട്ടി കലക്ടറെ തഹസീല്‍ദാര്‍ സ്ഥാനത്തേയ്ക്ക് തരംതാഴ്ത്താന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന് സുപിംകോടതി നിര്‍ദേശം നല്‍കിയത്.
ജസ്റ്റിസുമാരായ ബി.ആര്‍ ഗവായിയും അഗസ്റ്റിന്‍ ജോര്‍ജ് മാസിഹും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. അധികാരികൾ എത്ര ഉന്നതരായാലും കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ ബഹുമാനിക്കാനും അനുസരിക്കാനും ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ അനുസരിക്കാതിരിക്കാതിരിക്കുന്നത് ജനാധിപത്യം അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയുടെ അടിത്തറയെ തന്നെ ആക്രമിക്കുന്നതാണെന്നും ബെഞ്ച് പറഞ്ഞു.
2023ലാണ് ഉദ്യോഗസ്ഥന് ഡെപ്യൂട്ടി കലക്ടര്‍ തസ്കതിയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. തരംതാഴ്ത്തുന്നതിനൊപ്പം ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. കോടതിയലക്ഷ്യ നടപടിക്കെതിരായ അപ്പീലുകള്‍ തള്ളിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.