< Back
India
ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്; നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് ഡി.കെ ശിവകുമാര്‍
India

'ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്'; നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് ഡി.കെ ശിവകുമാര്‍

Web Desk
|
1 March 2026 9:59 AM IST

എം‌എൽ‌എമാർ ഡൽഹിയിലേക്കോ വിദേശത്തേക്കോ പോകുന്നതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല, ഞാൻ ഇതിൽ ഇടപെടുകപോലുമില്ല

ബംഗളൂരു: കര്‍ണാടകയിൽ മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ പാർട്ടിയിലെ ഉൾപ്പാർട്ടി നീക്കങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളിൽ നിന്ന് പരസ്യമായി അകലം പാലിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. എംഎൽഎമാര്‍ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൽ തന്‍റെ പേര് ഉപയോഗിക്കരുതെന്നും അഭ്യര്‍ഥിച്ചു.

"എനിക്ക് വേണ്ടി ആരും സംസാരിക്കരുത്, ദയവായി അങ്ങനെ ചെയ്യരുത്". ശിവകുമാർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "നിങ്ങൾക്ക് നിങ്ങളുടേതായ പ്രശ്‌നങ്ങളുണ്ടെങ്കിൽ, നിങ്ങൾ ഒരു എംഎൽഎ ആണെങ്കിൽ മന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അധികാരം ആഗ്രഹിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ ചെയർമാൻ സ്ഥാനം ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ മുന്നോട്ടുപോവുക. പക്ഷേ ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്. ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.എംഎൽഎമാരുടെ ഡൽഹി സന്ദർശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ശിവകുമാര്‍ നിലപാട് വ്യക്തമാക്കിയത്. “എം‌എൽ‌എമാർ ഡൽഹിയിലേക്കോ വിദേശത്തേക്കോ പോകുന്നതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല, ഞാൻ ഇതിൽ ഇടപെടുകപോലുമില്ല,” അദ്ദേഹം പറഞ്ഞു.

വിധി അനുകൂലമാണെങ്കിൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന സഹോദരൻ ഡി.കെ സുരേഷിന്‍റെ വാക്കുകളെ തള്ളിയ ശിവകുമാര്‍ "എല്ലാവരും പറയുന്നത് ഒന്നുതന്നെയാണ്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'' എന്ന് തറപ്പിച്ചുപറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ 139 എംഎൽഎമാരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നവംബർ 20 ന് കർണാടക സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയതോടെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള അധികാര പങ്കിടൽ ഫോർമുല പ്രകാരം നേതൃമാറ്റത്തിനായി സമ്മർദ്ദം ചെലുത്താൻ ഡി.കെയുടെ ക്യാമ്പിൽ നിന്നുള്ള എംഎൽഎമാർ കോൺഗ്രസ് ഹൈക്കമാൻഡിനെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

Similar Posts