< Back
India
ബംഗളൂരുവിലെ ട്രാഫിക്  ബ്ലോക്കിനെക്കുറിച്ച് എല്ലാദിവസവും സ്വന്തം മക്കളില്‍ നിന്ന് വരെ വഴക്ക് കേള്‍ക്കാറുണ്ട്,പരിഹാരം ഇതുമാത്രം; ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍
India

'ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനെക്കുറിച്ച് എല്ലാദിവസവും സ്വന്തം മക്കളില്‍ നിന്ന് വരെ വഴക്ക് കേള്‍ക്കാറുണ്ട്,പരിഹാരം ഇതുമാത്രം'; ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍

Web Desk
|
15 Aug 2025 12:27 PM IST

10-15 കിലോമീറ്റർ സഞ്ചരിക്കാൻ ആറ് മുതൽ ഏഴ് മണിക്കൂർ വരെ എടുക്കാറുണ്ടെന്ന നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു

ബംഗളൂരു: രൂക്ഷമായ ഗതാഗതക്കുരുക്കാനാണ് ഓരോ ദിവസവും ബംഗളൂരുവിലെ ജനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്. വാഹനങ്ങളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് ഗതാഗതക്കുരുക്കും അനുദിനം കൂടുകയാണ്. ജോലിക്ക് പോകുന്നവരെല്ലാം മണിക്കൂറുകളാണ് ബ്ലോക്കില്‍പ്പെട്ട് വലയുന്നത്. ഗതാഗതക്കുരുക്കിനെക്കുറിച്ച് സാധാരണക്കാര്‍ മാത്രമല്ല പരാതിപ്പെടുന്നതെന്നും സ്വന്തം വീട്ടില്‍ ഇക്കാര്യത്തെ ചൊല്ലി സ്വന്തം മക്കള്‍വരെ തന്നെ ശകാരിക്കാറുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു.

' ചുറ്റുമുള്ള ജില്ലകളിൽ നിന്ന് പ്രതിദിനം ഏകദേശം 40 ലക്ഷം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നു. നഗര സ്ഥാപകനായ കെമ്പെഗൗഡയുടെ കാലം മുതൽ റോഡുകളുടെ വീതി അതേപടി തുടരുന്നു, പക്ഷേ വാഹനങ്ങളുടെ എണ്ണം വർധിച്ചു.വെറും 10-15 കിലോമീറ്റർ മാത്രം സഞ്ചരിക്കാൻ ആറ് മുതൽ ഏഴ് മണിക്കൂർ വരെ എടുക്കാറുണ്ട്. നഗരത്തിലെ ഏത് ഭാഗത്ത് നിന്നും എന്‍റെ അടുത്തെത്താന്‍ ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ വരെ എടുക്കുമെന്ന് സ്വന്തം മക്കള്‍ വരെ പരാതി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഹെബ്ബാലിൽ നിന്ന് ജോലിക്ക് പോകുന്ന ഹൈക്കോടതി ജഡ്ജിമാർ ജോലിക്ക് പോകാൻ 45 മിനിറ്റ് എടുക്കുമെന്ന് പരാതിപ്പെടുന്നു," ശിവകുമാര്‍ പറഞ്ഞു.

നഗരത്തിലെ ജനസംഖ്യ 70 ലക്ഷത്തിൽ നിന്ന് 1.4 കോടിയായി മാറിയെന്നും, ഇതിൽ 25 ലക്ഷം ടെക് പ്രൊഫഷണലുകൾ ഉൾപ്പെടുന്നെന്നും നിയമസഭാ കൗൺസിലിൽ സംസാരിക്കവെ ശിവകുമാർ പറഞ്ഞു. കാലിഫോർണിയയിലെ സിലിക്കൺ വാലിയിലെ ജനസംഖ്യയുടെ ഇരട്ടിയാണിത്. എന്നാണ് റോഡ് വീതി കൂട്ടല്‍ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

റോഡ് വീതി കൂട്ടണമെങ്കില്‍ ചതുരശ്ര അടിക്ക് 10,000 രൂപയിൽ കൂടുതൽ വില വരുന്ന സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടിവരും.ഇക്കാരണത്താല്‍ വീതി കൂട്ടല്‍ അപ്രായോഗ്യമാണ്. പകരം, ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകളും എലവേറ്റഡ് ഇടനാഴികളും നിര്‍മിക്കുകയാണ് ഇതിനുള്ള പോംവഴി. മന്ത്രി രാമലിംഗ റെഡ്ഡിയുടെ റാഗിഗുഡ്ഡ മുതൽ സിൽക്ക് ബോർഡ് വരെയുള്ള ഫ്ലൈഓവർ ആശയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുകയും അതുമായി മുന്നോട്ട് പോകാന്‍ ഉപദേശിക്കുകയും ചെയ്തതായി ശിവകുമാര്‍ പറഞ്ഞു.

ബംഗളൂരുവിൽ 1.2 കോടിയിലധികം രജിസ്റ്റർ ചെയ്ത വാഹനങ്ങളുണ്ടെന്നും, ഇവിടുത്തെ ജനങ്ങള്‍ പ്രതിവർഷം ശരാശരി 117 മണിക്കൂർ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ബിജെപി എം‌എൽ‌സി സി ടി രവി പറഞ്ഞു.

Similar Posts