India
നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ഥനാ ഗാനം ചൊല്ലി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, കയ്യടികളുമായി ബിജെപി എംഎല്‍എമാര്‍; പിന്നാലെ വിശദീകരണം
India

നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ഥനാ ഗാനം ചൊല്ലി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, കയ്യടികളുമായി ബിജെപി എംഎല്‍എമാര്‍; പിന്നാലെ വിശദീകരണം

Web Desk
|
22 Aug 2025 1:36 PM IST

ഇത് സിദ്ധരാമയ്യയ്ക്കും ഹൈക്കമാന്‍ഡിനുമുള്ള നേരിട്ടുള്ള മുന്നറിയിപ്പാണോ എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ച

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആർ‌എസ്‌എസ് ഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡി കെ ശിവകുമാർ.ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേരുടെ മരണത്തിന് കാരണമായ സംഭവത്തെക്കുറിച്ച് കര്‍ണാടക നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു സംഭവം.

'നമസ്തേ സദാ വത്സലേ മാതൃഭൂമി' എന്ന ആർ‌എസ്‌എസ് ഗാനത്തിന്റെ ആദ്യത്തെ കുറച്ച് വരികളാണ് ഡി.കെ ശിവകുമാര്‍ ആലപിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന് ശിവകുമാറും കാരണക്കാരനാണെന്നും ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ ആർ‌സി‌ബി ടീമിനെ സ്വീകരിക്കാൻ ശിവകുമാർ പോയെന്നും വിമാനത്താവളത്തിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള യാത്രയിലുടനീളം ശിവകുമാറുണ്ടായിരുന്നുവെന്നും ബിജെപി നിയമസഭയില്‍ ആരോപിച്ചു.

താന്‍ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്‌സി‌എ) അംഗമാണെന്നും കെ‌എസ്‌സി‌എ സെക്രട്ടറി ഉൾപ്പെടെയുള്ളവർ സുഹൃത്തുക്കളാണെന്നുമായിരുന്നു ശിവകുമാറിന്‍റെ മറുപടി. ബംഗളൂരുവിന്‍റെ ചുമതലയുള്ള മന്ത്രിയാണെന്നും ജൂൺ 4 ന് വിമാനത്താവളത്തിലും സ്റ്റേഡിയത്തിലും പോയിരുന്നു. ആർ‌സി‌ബിക്ക് ആശംസകളും നേർന്നു, കപ്പിൽ ചുംബിച്ചു. താന്‍ എന്റെ ജോലി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും വേണമെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ നടന്ന അപകടങ്ങളുടെ പട്ടിക വായിച്ചു കേള്‍പ്പിക്കാമെന്നും ശിവകുമാര്‍ പറഞ്ഞു.

ശിവകുമാര്‍ ഒരിക്കല്‍ ആര്‍എസ്എസ് വേഷം ധരിച്ചുവെന്ന പ്രതിപക്ഷ നേതാവ് ആർ. അശോക ശിവകുമാറിന്‍റെ പരാമര്‍ശത്തിന് മറുപടിയായാണ് ഡി.കെ ശിവകുമാര്‍ ആര്‍എസ്എസ് ഗാനം ആലപിച്ചത്. ബിജെപി എംഎല്‍എമാര്‍ ഡി.കെ ശിവകുമാര്‍ പാടുന്നതിനെ പ്രോത്സാഹിപ്പിച്ചു. 73 സെക്കന്‍റുള്ള വിഡിയോയും സോഷ്യല്‍ മീഡിയയിലും വൈറലായി.

അതേസമയം, ശിവകുമാറിന്റെ നീക്കം കോൺഗ്രസ് ഹൈക്കമാൻഡിനെ ലക്ഷ്യം വച്ചുള്ള ഒരു നിഗൂഢ സന്ദേശമായിരിക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടന്ന ചൂട് പിടിച്ച ചര്‍ച്ച. ഇത് സിദ്ധരാമയ്യയ്ക്കുള്ള നേരിട്ടുള്ള മുന്നറിയിപ്പാണോ? മുഖ്യമന്ത്രി കസേര ഉപേക്ഷിച്ചില്ലെങ്കിൽ താന്‍ ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന സന്ദേശമാണോ ഇതെന്നായിരുന്നു ഒരാളുടെ കമന്‍റ്.

"സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആർ‌എസ്‌എസിന്‍റെ സംഭാവനകള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി മോദിയെ കോൺഗ്രസ് ആക്രമിക്കുമ്പോൾ ഡി‌കെ ശിവകുമാർ ആർ‌എസ്‌എസ് ഗാനം ആലപിക്കുന്നു. കോൺഗ്രസ് അദ്ദേഹത്തെ ഉടൻ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ, അദ്ദേഹം 'കാശി മഥുര ബാക്കി ഹേ' മുദ്രാവാക്യങ്ങൾ വിളിക്കുന്നത് കാണാനാകും." എന്നായിരുന്നു മറ്റൊരു കമന്‍റ്. ഈ വരികൾ രേഖകളിൽ നിന്ന് നീക്കം ചെയ്യപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിജെപി നിയമസഭാംഗം വി. സുനിൽ കുമാർ പരിഹസിച്ചു.

അതേസമയം, വിഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി ഡി.കെ ശിവകുമാര്‍ രംഗത്തെത്തി. താന്‍ നടത്തിയതിന് ആര്‍ക്കുമുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള സന്ദേശമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ജന്മനാ കോണ്‍ഗ്രസുകാരനാണെന്നും പക്ഷേ,എല്ലാ രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.

'ഞാൻ ഒരു ജന്മനാ കോൺഗ്രസുകാരനാണ്... എല്ലാ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചും ഞാൻ ഗവേഷണം നടത്തിയിട്ടുണ്ട്. കർണാടകയിൽ ആർഎസ്എസ് എങ്ങനെയാണ് സ്ഥാപനങ്ങൾ നിർമ്മിക്കുന്നതെന്ന് എനിക്കറിയാം... എല്ലാ ജില്ലകളിലെയും എല്ലാ സ്കൂളുകളും അവർ സ്വന്തമാക്കുന്നു. എന്റെ എതിരാളികൾ ആരാണെന്നും എന്റെ സുഹൃത്തുക്കൾ ആരാണെന്നും ഞാൻ അറിയണം," അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Similar Posts