< Back
India
200 ശതമാനം ഉറപ്പ്, ഡി.കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും:  കർണാടക കോൺഗ്രസ് എംഎൽഎ ഇഖ്ബാൽ ഹുസൈൻ
India

'200 ശതമാനം ഉറപ്പ്, ഡി.കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും': കർണാടക കോൺഗ്രസ് എംഎൽഎ ഇഖ്ബാൽ ഹുസൈൻ

Web Desk
|
26 Nov 2025 8:49 AM IST

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളെ കാണാൻ ഡൽഹിയിലേക്ക് പോയ എംഎൽഎമാരുടെ സംഘത്തിലും ഹുസൈൻ ഉൾപ്പെട്ടിരുന്നു

ബംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് രാമനഗര കോണ്‍ഗ്രസ് എംഎൽഎ ഇഖ്ബാൽ ഹുസൈൻ. ഇക്കാര്യം 200 ശതമാനം ഉറപ്പാണെന്നും ഇഖ്ബാൽ ഹുസൈൻ പറയുന്നു.

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളെ കാണാൻ ഡൽഹിയിലേക്ക് പോയ എംഎൽഎമാരുടെ സംഘത്തിലും ഹുസൈൻ ഉൾപ്പെട്ടിരുന്നു. ഡി.കെ ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തണമെന്ന ആവശ്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുമെന്ന് എം‌എൽ‌എമാർ വ്യക്തമാക്കിയിരുന്നു.

''ആ പ്രസ്താവനയിൽ ഞാൻ എപ്പോഴും ഉറച്ചുനിൽക്കുന്നു. 200 ശതമാനം ഉറപ്പ്, അദ്ദേഹം ഉടൻ തന്നെ മുഖ്യമന്ത്രിയാകും. അക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും," ഹുസൈൻ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാര പങ്കിടൽ കരാറിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ തുടർച്ചയായി മുറുമുറുപ്പുകള്‍ ഉയരുന്നതിനിടെയാണ് ഈ പരാമർശം. എന്നിരുന്നാലും, കോൺഗ്രസ് നേതൃത്വം അത്തരമൊരു കരാറിനെ നിഷേധിക്കുന്നുണ്ട്.

ശിവകുമാറിനെ പിന്തുണയ്ക്കുന്ന ആറ് എംഎൽഎമാരുടെ സംഘം ഞായറാഴ്ച രാത്രിയാണ് മുതിർന്ന നേതാക്കളെ കാണാൻ ന്യൂഡൽഹിയിലേക്ക് പോയത്. ഇതെ ആവശ്യവുമായി കുറച്ചുപേർ കൂടി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച പത്ത് എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇതുമായി ബന്ധപ്പെട്ട് കണ്ടിരുന്നു. അതേസമയം മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ പറയുന്നത്.

Similar Posts