< Back
India
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടില്‍ ഡിഎംകെ ഒറ്റക്ക് അധികാരം നേടും: ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.കെ സ്റ്റാലിൻ
India

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടില്‍ ഡിഎംകെ ഒറ്റക്ക് അധികാരം നേടും: ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.കെ സ്റ്റാലിൻ

റിഷാദ് അലി
|
11 Feb 2026 9:18 PM IST

സഖ്യകക്ഷികൾക്കിടയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും 2026ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ തന്നെ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടില്‍ ഡിഎംകെ സ്വന്തം നിലയിൽ തന്നെ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യകക്ഷികൾക്കിടയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും 2026ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ തന്നെ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നത സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ച അദ്ദേഹം, രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പം ഉണ്ടെന്ന് പറഞ്ഞു. എന്നാൽ കോൺഗ്രസുമായി അധികാരം പങ്കുവെക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ഡിഎംകെ സ്വന്തമായി സർക്കാർ രൂപവത്കരിക്കുമെന്നും 2021നെ അപേക്ഷിച്ച് കൂടുതൽ മുന്നേറ്റം നടത്തുമെന്ന കാര്യത്തിൽ പാർട്ടിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ടുഡേയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം ശക്തമാണ്. തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും. ഭരണത്തിൽ പങ്കാളിത്തം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യം ഇപ്പോൾ പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 234 സീറ്റുകളിൽ 133 എണ്ണം വിജയിച്ച് ഡിഎം.കെ ഒറ്റയ്ക്കാണ് സർക്കാർ രൂപീകരിച്ചത്. ഡിഎംകെയുടെ സഖ്യകക്ഷിയായി മത്സരിച്ച കോൺഗ്രസ് 25 സീറ്റുകളിൽ 18 എണ്ണത്തിലും വിജയിച്ചു. എന്നിരുന്നാലും, കോൺഗ്രസിന് മന്ത്രിസഭയിൽ സ്ഥാനങ്ങളൊന്നും നൽകിയിരുന്നില്ല.

എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ശക്തമായി തന്നെ രംഗത്തുണ്ട്. മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകളും അധികാരത്തില്‍ പങ്കാളിത്തം വേണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ട്. അതേസമയം സീറ്റ് വിഭജന ചർച്ചകൾ ഫെബ്രുവരി 22ന് ഔദ്യോഗികമായി ആരംഭിക്കുമെന്ന് ഡിഎംകെ അറിയിച്ചിട്ടുണ്ട്.

Similar Posts