
ഡോക്ടർക്ക് നഷ്ടപ്പെട്ട വാച്ച് കിട്ടി; റെയിൽവേക്ക് കൈയ്യടിച്ച് 'നെറ്റിസൺസ്'
|പരാതി നൽകി 40 മിനുട്ട് കൊണ്ടാണ് നഷ്ടപ്പെട്ട വാച്ച് ഡോക്ടർക്ക് തിരിച്ച് കിട്ടിയത്
ചെന്നൈ: റെയിൽവേയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ ഏറെ കേട്ടിട്ടുണ്ട്. വ്യത്യസ്തമായൊരു അനുഭവം പങ്കുവെക്കുകയാണ് ചെന്നൈ സ്വദേശിയായ ഡോക്ടർ. എക്‌സ് അക്കൗണ്ട് വഴിയാണ് തനിക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചത്. റെയിൽവേയും ഡോക്ടറുടെ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.
ഡോക്ടറുടെ കുറിപ്പ് ഇങ്ങനെയാണ് 'വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്ത് ഇന്നലെ രാത്രി 11 മണിക്ക് ഞാൻ എഗ്‌മോറിൽ എത്തി. വീട്ടിലെത്തിയപ്പോഴാണ് റെസ്റ്റ് റൂമിൽ ഊരിവച്ച വാച്ച് എടുക്കാൻ മറുന്നു എന്ന് ബോധ്യപ്പെട്ടത്. രാത്രി 12.28 ന് റെയിൽവേ മദദ് വെബ്‌സൈറ്റിൽ പിഎൻആർ നമ്പർ ഉൾപ്പടെ പരാതി നൽകിയത്. 12.31 ന് പരാതി ലഭിച്ചു എന്നറിയിച്ചു കൊണ്ട് റെയിൽവേ ഹെൽപ് ലൈനിൽ നിന്നുള്ള വിളി എത്തി. 12.49 ന് ആർപിഎഫ് ഉദ്യോഗസ്ഥർ വിളിച്ചു. 1.12 ന് വാട്‌സ് ആപിൽ തന്റെ വാച്ചിന്റെ രണ്ട് ഫോട്ടോകൾ എത്തി.1.13 ന് ആർപിഎഫിൽ നിന്ന് തനിക്ക് രണ്ടാമത്തെ വിളി എത്തി. എന്റെ നഷ്ടപ്പെട്ട വാച്ച് തന്നെയാണോ ഇത് എന്ന് ചോദിച്ചു കൊണ്ടാണ് വിളിച്ചത്.
എന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവിന് നിരവധി ആളുകൾ പരിശ്രമിച്ചതിന്റെ ഫലമാണ് 40 മിനുട്ട് കൊണ്ട് നഷ്ടപ്പെട്ട വാച്ച് തിരിച്ചു കിട്ടിയതെന്നും കുറിപ്പിലുണ്ട്. ദക്ഷിണ റെയിൽവേയിലെ ജീവനക്കാർക്കും ആർപിഎഫ് ഉദ്യോഗസ്ഥർക്കും വലിയ നന്ദി പറഞ്ഞാണ് ഡോക്ടറുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒക്ടോബർ 17 നാണ് ഡോക്ടർ യാത്ര ചെയ്തത്. ഡോക്ടറുടെ കുറിപ്പിന് താഴെ നിരവധി പേരാണ് ഉദ്യോഗസ്ഥരേയും റെയിൽവേയും അഭിനന്ദിച്ച് രംഗത്തു വന്നിരിക്കുന്നത്.