< Back
India
തെരുവ് നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; സര്‍ക്കാർ ഡോക്ടർക്കെതിരെ കേസ്
India

തെരുവ് നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; സര്‍ക്കാർ ഡോക്ടർക്കെതിരെ കേസ്

Web Desk
|
19 Sept 2022 1:21 PM IST

നായയുടെ ഒരു കാല്‍ ഒടിയുകയും മറ്റേ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ തെരുവ് നായയെ കാറിൽ കെട്ടിവലിച്ച് ഡോക്ടർ.ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ഡോക്ടർക്കെതിരെ കേസടെത്തു. രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സർജനായ ഡോ. രജനീഷ് ഗാൽവയ്ക്കെതിരെയാണ് കേസെടുത്തത്.

കാറിന്റെ വേഗതക്കനുസരിച്ച് ഓടാനാകാതെ നായ കഷ്ടപ്പെടുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഡോക്ടറുടെ കാറിന് പിറകിലുണ്ടായിരുന്ന ഇരുചക്രവാഹനക്കാരാണ് വീഡിയോ പകർത്തിയത്. ഇവർ തന്നെയാണ് കാർ നിർത്തിച്ച് നായയെ മോചിപ്പിച്ചതും. മൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക, മൃഗങ്ങളോട് ക്രൂരമായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ എന്നിവ പ്രകാരം ഡോ. രജനീഷ് ഗാൽവയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ശാസ്ത്രി നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജോഗേന്ദ്ര സിംഗ് പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടറോട് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി എസ്എൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും കൺട്രോളറുമായ ദിലീപ് കചവാഹ പറഞ്ഞു. സംഭവത്തിന് ശേഷം നായയുടെ ഒരു കാലിന് ഒടിവും മറ്റേ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴുത്തിൽ ചതവുകളും ഉണ്ടായിട്ടുണ്ടെന്ന് ഡോഗ് ഹോം ഫൗണ്ടേഷനിലെ കെയർടേക്കർ പറഞ്ഞു.

സംഭവത്തിൽ സഹകരിക്കാൻ പൊലീസ് ആദ്യം വിമുഖത കാട്ടിയതായി ഷെൽട്ടർ ഹോമിന്റെ കെയർടേക്കർ ആരോപിച്ചു. പരിക്കേറ്റ നായയെ ചികിത്സിക്കാൻ വിട്ടുകൊടുക്കണമെന്ന് അഭ്യർത്ഥിച്ചിട്ടും പൊലീസ് ഒരു മണിക്കൂർ കഴിഞ്ഞാണ് അനുവാദം തന്നെതെന്ന് ഇവർ ആരോപിച്ചു.രണ്ട് മണിക്കൂറിന് ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്‌തെന്നും കെയർടേക്കർ ആരോപിച്ചു.

Similar Posts