
ഡയപ്പർ ധരിപ്പിക്കുന്നത് കുട്ടികളുടെ വൃക്കകളെ ബാധിക്കുമോ ?
|ഡയപ്പറുകൾ ധരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുകയാണ് ശിശുരോഗ വിദഗ്ധൻ ഡോ.ഇമ്രാൻ പട്ടേൽ
കോഴിക്കോട്: പുതിയ കാലത്ത് കുട്ടികളെ ഡയപ്പർ ധരിപ്പിക്കുന്നത് വളരെ സ്വാഭാവികമാണ്. യാത്രയിലായാലും എന്തെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും നാമെല്ലാവരും കുഞ്ഞുങ്ങളെ ഡയപ്പറുകൾ ധരിപ്പിക്കാറുണ്ട്. കുഞ്ഞുങ്ങളെ ഡയപ്പർ ധരിപ്പിക്കുന്ന രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്ന ചില വീഡിയോകൾ സമീപ ദിവസങ്ങളിലായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിൽ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഡയപ്പർ ധരിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് വൃക്കരോഗം വരും എന്നതാണ്. എന്താണ് അതിന്റെ യാഥാർത്ഥ്യം ?
പരിശോധനക്ക് എത്തിയ ആളുകളോട് ഒരു ഡോക്ടർ നൽകുന്ന നിർദേശം പോലെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. എന്നാൽ, അതിന്റെ ശാസ്ത്രീയ വശം പരിശോധിക്കുകയാണ് ശിശുരോഗ വിദഗ്ധനും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറുമായ ഡോ.ഇമ്രാൻ പട്ടേൽ. 'ഡയപ്പർ ക്യാൻസറിന് കാരണമാവും വൃക്ക രോഗത്തിന് കാരണമാവും എന്ന രീതിയിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഡയപ്പറുകൾ കൃത്യസമയത്ത് മാറ്റിയില്ലെങ്കിൽ ക്യാൻസറല്ല കുട്ടിയുടെ ശരീരത്തിൽ തിണർപ്പാണ് ഉണ്ടാവുക' എന്നാണ് ഇമ്രാൻപട്ടേൽ പറയുന്നത്. വൃക്കരോഗം വരും എന്ന പ്രചാരണവും ഡോക്ടർ തള്ളിക്കളയുകയാണ്. കൃത്യമായി വെള്ളം കുടിച്ചില്ലെങ്കിലോ ശരിയായ രീതിയിൽ മൂത്രം ഒഴിച്ചില്ലെങ്കിലോ ആണ് വൃക്കരോഗങ്ങൾക്ക് കാരണമാവുന്നതെന്നും ഡയപ്പറുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശവും അദ്ദേഹം വിഡിയോയിൽ നൽകുന്നുണ്ട്.
കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റുക, ദിവസത്തിൽ മൂന്നോ-നാലോ തവണ ഡയപ്പറുകൾ മാറ്റണം. ഒരു ദിവസത്തിൽ നിശ്ചിതസമയം ഡയപ്പർ ധരിപ്പിക്കാതിരിക്കുക എന്നിവയാണ് ഡോക്ടറുടെ മാർഗനിർദേശങ്ങൾ. തെറ്റായ വിവരങ്ങൾ നൽകി ആളുകളെ പരിഭാന്ത്രരാക്കാതെ ഇരിക്കണമെന്നും പറഞ്ഞാണ് ഡോക്ടറുടെ വീഡിയോ അവസാനിപ്പിക്കുന്നത്. വിഡിയോക്ക് താഴെ നിരവധി ആളുകളാണ് ഇമ്രാൻപട്ടേലിന് നന്ദി അറിയിച്ച് വന്നിരിക്കുന്നത്.