< Back
India
​ഗവ. ആശുപത്രിക്കിടക്കയിൽ സുഖിച്ചുറങ്ങി നായ; ബി.ജെ.പി സർക്കാരിന്റെ ഭരണമികവെന്ന് പരിഹാസം
India

​ഗവ. ആശുപത്രിക്കിടക്കയിൽ സുഖിച്ചുറങ്ങി നായ; ബി.ജെ.പി സർക്കാരിന്റെ 'ഭരണമികവെന്ന്' പരിഹാസം

Web Desk
|
17 Sept 2022 6:04 PM IST

അവധിയിലായിരുന്നതിനാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഹെൽത്ത് ഓഫീസറുടെ പ്രതികരണം.

കേരളത്തിൽ ആശുപത്രി പരിസരത്തടക്കം തെരുവുനായ ശല്യം രൂക്ഷമാണെങ്കിൽ‍ മധ്യപ്രദേശിൽ ആശുപത്രിക്കിടക്കയിലാണ് തെരുവുനായകളുടെ വിഹാരം. രത്‌ലം ജില്ലയിലെ അലോട്ടിലെ സർ‍ക്കാർ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ആശുപത്രിയിലെ കിടക്കയിൽ‍ കയറിക്കിടന്ന് സുഖിച്ചുറങ്ങുന്ന തെരുവുനായയുടെ വീഡിയോ പുറത്തുവന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ആശങ്കാജനകമായ ആരോഗ്യ സംവിധാനത്തിന്റെ തെളിവാണ് ഇതെന്ന് കോൺ​ഗ്രസ് വക്താവ് നരേന്ദ്ര സലൂജ കുറ്റപ്പെടുത്തി.

ബി.ജെ.പി ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് നായ്ക്കൾക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും രോഗികൾക്ക് ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാൽ, അവധിയിലായിരുന്നതിനാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് രത്‌ലം ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. പ്രഭാകർ നാനാവരെയുടെ പ്രതികരണം.

സംഭവത്തിൽ‍ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ 'ഭരണമികവിന്റെ' തെളിവാണ് ഇതെന്നാണ് സോഷ്യൽമീഡിയയിലെ ഒരു പരിഹാസം.



Similar Posts