< Back
India
ഇവിഎമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്; തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി
India

'ഇവിഎമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്'; തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി

Web Desk
|
11 Feb 2025 7:36 PM IST

തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രിംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ(ഇവിഎം) വിവരങ്ങള്‍ മായ്ക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി.

വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ നടപടിക്രമങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി ചോദിച്ചു. ഇവിഎമ്മുകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന ഹരജികളിലാണ് ഉത്തരവ്.

ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നോട്ടിസ് അയച്ചു. അടുത്ത 15 ദിവസത്തിനകം പ്രതികരണം അറിയിക്കാനാണ് തെരഞ്ഞെടുപ്പ് കോടതി നിർദേശിച്ചത്. ഹരിയാനയിലെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസും(എഡിആര്‍) ഏതാനും കോണ്‍ഗ്രസ് നേതാക്കളുമാണ് ഹരജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സോഫ്‌റ്റ്‌വെയറിലും ഹാർഡ്‌വെയറിലും കൃത്രിമത്വത്തിൻ്റെ ഏതെങ്കിലും ഘടകം ഉണ്ടോ ഇല്ലയോ എന്നറിയാൻ ഇവിഎമ്മുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യക്തത ആവശ്യമാണെങ്കില്‍ അത് നല്‍കേണ്ടതുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് എന്‍ജിനീയര്‍(ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസില്‍ അടുത്ത വാദം മാർച്ച് 17ന് കേള്‍ക്കും.

Similar Posts