
റീൽ കണ്ട് സാഡായി എന്ന് പറയല്ലേ....; 'ബ്ലൂം സ്‌ക്രോളിങ്' ഇതുവരെ ആരംഭിച്ചില്ലേ ?
|റീൽ കണ്ട് പോസിറ്റീവ് ആയി ഇരിക്കാനുള്ള വഴിയാണ് 'ബ്ലൂം സ്‌ക്രോളിങ്'
കോഴിക്കോട്: ഇൻസ്റ്റഗ്രാം നിരന്തരം ഉപയോഗിക്കുന്നവർ അനുഭവിക്കുന്ന പ്രധാനപ്രശ്‌നമാണ് ഉത്കണ്ഠയും സമ്മർദവും. മണിക്കൂറുകൾ സമൂഹമാധ്യമങ്ങളിൽ ചിലവിടുന്നതാണ് ഇതിന് പിന്നിലെന്ന് പലരും പഴി പറയാറുമുണ്ട്. കേൾക്കുമ്പോൾ തന്നെ ഇൻസ്റ്റഗ്രാം അൺ ഇൻസ്റ്റാൾ ചെയ്യുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. കുറച്ച് ദിവസം കഴിഞ്ഞാൽ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരാറുമുണ്ട്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാതെ തന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. ഇങ്ങനെ റീൽ കണ്ട് പോസിറ്റീവ് ആയി ഇരിക്കാനുള്ള വഴിയാണ് 'ബ്ലൂം സ്‌ക്രോളിങ്'.
നമുക്ക് ആവശ്യമുള്ള കോണ്ടന്റുകൾ മാത്രം കാണുക, അല്ലെങ്കിൽ അത്തരത്തിൽ ഉള്ള അക്കൗണ്ടുകൾ തിരിഞ്ഞ് പിടിച്ച് ഫോളോ ചെയ്യുക. സ്വാഭാവികമായും നമ്മുടെ ഫീഡുകളിൽ പോസിറ്റീവ് കണ്ടന്റുകൾ നിരന്തരം എത്തും. ഇൻസ്റ്റഗ്രാം നമുക്ക് തരുന്ന കോണ്ടന്റുകൾ കാണാതെ നമുക്ക് വേണ്ടത് ഇൻസ്റ്റഗ്രാമിനെ കൊണ്ട് നമ്മളിലേക്ക് എത്തിക്കുക എന്നു വേണമെങ്കിൽ പറയാം. ഇത് മനപൂർവം ചെയ്യുന്ന കാര്യമാണ്. ഈ പരിശീലനമാണ് 'ബ്ലൂം സ്‌ക്രോളിങ്'. സമ്മർദവും ഉത്കണ്ഠയും കുറക്കാൻ 'ബ്ലൂം സ്‌ക്രോളിങ്' സഹായിക്കുമെന്നാണ് വിദ്ഗധർ പറയുന്നത്.
സ്‌ക്രോളിങ്ങിനും ചില പ്രത്യേകരീതികളുണ്ട്. വെറുതെ സ്‌ക്രോൾ ചെയ്യാതെ കോണ്ടന്റ് ലോഡ് ചെയ്യാനായി ഏകദേശം 10-20 സെക്കൻഡ് വേഗത്തിൽ സ്‌ക്രോൾ ചെയ്യുക. അതിനുശേഷം നിങ്ങൾക്കാവശ്യമുള്ള പോസ്റ്റ് തിരിച്ചുപോയി കാണുക. തുടർച്ചയായി 10 മിനുട്ടിൽ കൂടുതൽ ഉപയോഗിക്കരുത്്. അഞ്ച് മിനുട്ട് മുതൽ 10 മിനുട്ട് വരെ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും മേഖലിയിലുള്ളവർ പറയുന്നു.