< Back
India
ചില മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാനൊരുങ്ങി കേന്ദ്രം
India

ചില മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാനൊരുങ്ങി കേന്ദ്രം

Web Desk
|
24 July 2022 12:18 PM IST

ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നീ അസുഖങ്ങൾക്കുള്ള മരുന്നുകൾക്കാണ് വില കുറയ്ക്കുക.

ഡല്‍ഹി: രാജ്യത്ത് ചില മരുന്നുകളുടെ വില കുറയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നീ മൂന്ന് രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില 70% വരെ കുറയ്ക്കാൻ ആണ് കേന്ദ്ര സർക്കാരിന്‍റെ നീക്കം. അവശ്യ വിഭാഗത്തിൽ പെടുന്ന മരുന്നുകളുടെ വില നിയന്ത്രിക്കാനുള്ള ശ്രമവും കേന്ദ്ര സർക്കാർ തുടരുകയാണ്.

ജൂലൈ 22ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗമാണ് മരുന്നുകളുടെ വില കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിയത്. രാജ്യത്തെ പ്രധാന മരുന്ന് നിർമാണ കമ്പനി ഉടമകളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നീ മൂന്ന് അസുഖങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് ആണ് 70% വരെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

അവശ്യ മരുന്നുകളുടെ പട്ടിക വിപുലീകരിക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. കൂടുതൽ മരുന്നുകൾ 2015ൽ രൂപീകരിച്ച ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത് വഴി ഇവയുടെ വില നിയന്ത്രിക്കാനും കേന്ദ്ര സർക്കാരിന് സാധിക്കും. നിലവിൽ 355 ഇന മരുന്നുകളാണ് ഈ പട്ടികയിൽ ഉള്ളത്. ദീർഘകാലം രോഗികൾക്ക് ഉപയോഗിക്കേണ്ടി വരുന്ന മരുന്നുകളുടെ ലാഭം ക്രമപ്പെടുത്തുന്നതും കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണ്.

നിലവിൽ മരുന്നുകളുടെ മൊത്ത വ്യാപാരത്തിൽ ലാഭശതമാനം എട്ടും ചില്ലറ വിൽപ്പന രംഗത്ത് പതിനാറും ആണ്. ഷെഡ്യൂൾഡ് വിഭാഗത്തിലെ മരുന്നുകൾക്ക് 10.7% വരെ വില വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ മാർച്ചിൽ അനുമതി നൽകിയത് വലിയ തോതിൽ ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു.

Related Tags :
Similar Posts