< Back
India
യുപിയിലെ ഒരു കോടി മുസ്‌ലിം, പിന്നാക്ക വോട്ടുകൾ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നു- അഖിലേഷ് യാദവ്
India

'യുപിയിലെ ഒരു കോടി മുസ്‌ലിം, പിന്നാക്ക വോട്ടുകൾ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നു'- അഖിലേഷ് യാദവ്

റിഷാദ് അലി
|
4 Feb 2026 9:27 PM IST

എസ്‌ഐആർ സമയത്ത് ഇതുവരെ സമർപ്പിച്ച എല്ലാ ഫോം 7നും നിരസിക്കണമെന്നും സമർപ്പിച്ചവയിലെ ഒപ്പുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു കോടി മുസ്‌ലിം ദലിത് പിന്നാക്ക വോട്ടുകൾ നീക്കം ചെയ്യാൻ ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൂഢാലോചന നടത്തുന്നൂവെന്ന ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി(എസ്പി) അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്.

'ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശമാണ് വോട്ടവകാശം, അതിൽ യാതൊരു വിധത്തിലുള്ള ക്രമക്കേടും നടക്കാൻ പാടില്ല. എന്നാൽ ബിജെപിയുമായി ചേര്‍‌ന്ന് ഫോം 7 ഉപയോഗിച്ച് പിന്നാക്ക വിഭാഗക്കാരുടെ പേരുകൾ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിട്ടിരിക്കുകയാണ്, ഇതിനെതിരെ കോടതിയെ സമീപിക്കും'- ലഖ്‌നൗവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഖിലേഷ് യാദവ് ആരോപിച്ചു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സ്വന്തം സംസ്ഥാനത്ത് സമാനമായ സാഹചര്യം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

''മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ, വോട്ടർപട്ടികയിൽ നിന്ന് പിഡിഎ വോട്ടർമാരുടെ(പിന്നാക്കക്കാര്‍, ദലിതര്‍, മുസ്‌ലിംകള്‍) പേരുകൾ നീക്കം ചെയ്യാൻ ഡിവിഷണൽ കമ്മീഷണർമാർക്കും ജില്ലാ മജിസ്‌ട്രേറ്റുമാർക്കും മേൽ സമ്മർദം ചെലുത്തുന്നതായി ചിലർ പറയുന്നുണ്ട്. ആ ഉദ്യോഗസ്ഥന്റെ പേര് പിന്നീട് വെളിപ്പെടുത്തും'- അഖിലേഷ് പറഞ്ഞു.

'2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റ മണ്ഡലങ്ങളിലാണ് അവര്‍ക്ക് ലഭിക്കാത്ത വോട്ടുകള്‍ നീക്കം ചെയ്യുന്നത്. തന്റെ ലോക്സഭാ മണ്ഡലമായ കനൗജിലെ ഒരു പോളിംഗ് സ്റ്റേഷനിൽ നിന്ന് മാത്രം മുസ്‌ലിം സമുദായത്തിൽപ്പെട്ട ആയിരത്തി ഇരുന്നൂറോളം വോട്ടുകൾ നീക്കം ചെയ്തതായും എസ്പി അധ്യക്ഷൻ ആരോപിച്ചു. എസ്ഐആർ സമയത്ത് ഇതുവരെ സമർപ്പിച്ച എല്ലാ 'ഫോം 7നും' നിരസിക്കണമെന്നും സമർപ്പിച്ചവയിലെ ഒപ്പുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും യാദവ് ആവശ്യപ്പെട്ടു.

Similar Posts