< Back
India
ED arrested Amanatullah Khan
India

ആറ് മണിക്കൂർ നീണ്ട റെയ്ഡ്; അമാനത്തുല്ല ഖാനെ അറസ്റ്റ് ചെയ്ത് ഇഡി

Web Desk
|
2 Sept 2024 3:41 PM IST

ഓഖ്‌ലയിലെ ഖാൻ്റെ വീട്ടിൽ ഇന്ന് രാവിലെ മുതലായിരുന്നു റെയ്ഡ്

ന്യൂഡൽഹി: ആംആദ്മി എംഎൽഎ അമാനത്തുല്ല ഖാനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ആറ് മണിക്കൂർ നീണ്ട റെയ്ഡിനൊടുവിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഡൽഹി വഖഫ് ബോർഡ് കേസുമായി ബന്ധപ്പെട്ട് ഏജൻസിക്ക് മുന്നിൽ ഹാജരാകാത്തതിന് ഖാനെതിരേ കേസെടുത്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഓഖ്‌ലയിലെ ഖാൻ്റെ വീട്ടിൽ ഇന്ന് രാവിലെ മുതലായിരുന്നു റെയ്ഡ്. ഇഡിയോടൊപ്പം വീടിന് പുറത്ത് ഡൽഹി പൊലീസിൻ്റെയും അർധസൈനിക വിഭാഗത്തിൻ്റെയും വലിയൊരു സംഘം നിലയുറപ്പിച്ചിരുന്നു. ഡൽഹിയിലെ ഓഖ്ലയിൽ നിന്നുള്ള എംഎൽഎയാണ് അമാനത്തുല്ല ഖാൻ.

'രാവിലെ ഏഴ് മണിക്ക് ഇഡി സംഘം എന്നെ അറസ്റ്റ് ചെയ്യാനായി എൻ്റെ വീട്ടിൽ എത്തി. എന്റെ ഭാര്യയുടെ മാതാവിന് കാൻസാറാണ്. നാല് ദിവസം മുമ്പ് ശസ്ത്രക്രിയ നടന്ന അവരും എൻ്റെ വീട്ടിലുണ്ട്. ഇഡി അയച്ച എല്ലാ നോട്ടീസിനും ഞാൻ മറുപടി നൽകിയിട്ടുണ്ട്. എന്നെ അറസ്റ്റ് ചെയ്ത് ഞങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയാണ് അവരുടെ ഉദ്ദേശ'മെന്നും അമാനത്തുല്ല ഖാൻ ഒരു വീ‍ഡിയോയിലൂടെ രാവിലെ പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി നേരത്തെ 12 മണിക്കൂറിലധികം നേരം ഖാനെ ചോദ്യം ചെയ്തിരുന്നു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ താൻ വൻ രീതിയിൽ പണം സമ്പാദിച്ചതായും അവകാശപ്പെട്ടു. ഈ വരുമാനം ഖാൻ തൻ്റെ കൂട്ടാളികളുടെ പേരിൽ സ്വത്തുക്കൾ വാങ്ങാൻ നിക്ഷേപിച്ചതായും ആരോപിച്ചു.

Similar Posts