< Back
India
Siddaramaiah
India

മുഡ ഭൂമിയിടപാട് കേസ്; 300 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

Web Desk
|
18 Jan 2025 9:47 AM IST

റിയൽ എസ്റ്റേറ്റ് ബിസിനസുകാരായും ഏജൻ്റുമാരായും പ്രവർത്തിക്കുന്ന വിവിധ വ്യക്തികളുടെ പേരിലാണ് ഈ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മുഡ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് 300 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കീഴിലാണ് ഇ.ഡിയുടെ ബെംഗളൂരു സോണൽ ഓഫീസ് ഈ സ്വത്തുക്കൾ കണ്ടുകെട്ടിയത്.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരായും ഏജൻ്റുമാരായും പ്രവർത്തിക്കുന്ന വിവിധ വ്യക്തികളുടെ പേരിലാണ് ഈ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസില്‍ മുൻ മുഡ കമ്മീഷണർ ഡി.ബി നടേഷിൻ്റെ പങ്ക് നിർണായകമാണെന്ന് ഇ.ഡി വ്യക്തമാക്കി.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ ഉടമസ്ഥതയിലുള്ള കേസരു വില്ലേജിലെ 3.16 ഏക്കർ ഭൂമിയാണ് വിവാദ കേന്ദ്രം. ഈ സ്ഥലം ഒരു ലേഔട്ട് വികസനത്തിനായി മുഡ ഏറ്റെടുത്തിരുന്നു. പാർവതിക്ക് 50:50 പദ്ധതി പ്രകാരം നഷ്ടപരിഹാരമായി 2022 ൽ വിജയനഗറിൽ 14 പ്രീമിയം സൈറ്റുകൾ അനുവദിച്ചു. എന്നാൽ, പാർവതിക്ക് അനുവദിച്ച സ്ഥലത്തിന് മുഡ ഏറ്റെടുത്ത സ്ഥലത്തേക്കാൾ കൂടുതൽ സ്വത്ത് വിലയുണ്ടെന്ന് പ്രവർത്തകർ ആരോപിച്ചിരുന്നു.

പാർവതിയുടെ പേരിൽ മുഡ പതിച്ചുനൽകിയ 14 പ്ലോട്ട് ഭൂമി കഴിഞ്ഞ വര്‍ഷം ഇവര്‍ തിരിച്ചുനല്‍കിയിരുന്നു. സിദ്ധരാമയ്യക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നീക്കം. ഭർത്താവിന്‍റെ അന്തസിലും വലുതല്ല ഒരു ഭൂമിയുമെന്ന് പാർവതി പത്രക്കുറിപ്പിറക്കി. കേസില്‍ മൈസൂരു ലോകായുക്ത പൊലീസ് സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.സിദ്ധരാമയ്യക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നീക്കം.

മുഡ ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് അന്വേഷണത്തിന് ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലായിരുന്നു വിധി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ​ഗവർണരുടെ നിർദേശം ചോദ്യംചെയ്തുള്ള അദ്ദേഹത്തിന്റെ ഹരജി തള്ളിയായിരുന്നു കോടതി ഉത്തരവ്.

Related Tags :
Similar Posts