< Back
India
സാമ്പത്തിക ക്രമക്കേട്; സഞ്ജയ് റാവത്തിന്റെ ഫ്‌ളാറ്റും ഭൂമിയും ഇ.ഡി കണ്ടുകെട്ടി
India

സാമ്പത്തിക ക്രമക്കേട്; സഞ്ജയ് റാവത്തിന്റെ ഫ്‌ളാറ്റും ഭൂമിയും ഇ.ഡി കണ്ടുകെട്ടി

Web Desk
|
5 April 2022 6:16 PM IST

മുംബൈയിൽ വാടകമുറികളുടെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന 1034 കോടി രൂപയുടെ ഭൂമി അഴിമതിയാരോപണ കേസിലാണ് നടപടി.

ന്യൂഡൽഹി: ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. അലിബാഗിലെ ഫ്‌ളാറ്റും റാവത്തിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയുമാണ് ഇ.ഡി കണ്ടുകെട്ടിയത്.

എന്ത് ചെയ്താലും തനിക്ക് ഭയമില്ലെന്നും താൻ ബാലാസാഹബ് താക്കറെയുടെ അനുയായിയാണെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. '' എന്റെ സ്വത്ത് കണ്ടുകെട്ടിക്കോളൂ, വെടിവെച്ചോളൂ, അല്ലെങ്കിൽ ജയിലിലടച്ചോളൂ, പക്ഷെ ആർക്കും എന്നെ ഭയപ്പെടുത്താനാവില്ല, സഞ്ജയ് റാവത്ത് ബാലാസാഹബ് താക്കറെയുടെ അനുയായിയും ഒരു ശിവസൈനികനുമാണ്''- റാവത്ത് പറഞ്ഞു.

മുംബൈയിൽ വാടകമുറികളുടെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന 1034 കോടി രൂപയുടെ ഭൂമി അഴിമതിയാരോപണ കേസിലാണ് നടപടി. സമാനമായ കേസിൽ സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായിയും മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാപാരിയുമായ പ്രവീൺ റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിനെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Similar Posts