< Back
India
ED delhi

ഇ.ഡി

India

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളുടെ പരിശോധന

Web Desk
|
3 Nov 2023 1:47 PM IST

തമിഴ്നാട് പിഡബ്ല്യുഡി വകുപ്പ് മന്ത്രിയുടെയും ബന്ധുക്കളുടെയും വസതിയിൽ ആദായനികുതി വകുപ്പാണ് പരിശോധന നടത്തിയത്

ഡല്‍ഹി: പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളുടെ പരിശോധന. ജൽ ജീവൻ മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ മന്ത്രിയുടെ ഓഫീസിലും സെക്രട്ടറിയേറ്റിലും ഇ.ഡി പരിശോധന നടത്തി. ഓൺലൈൻ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഛത്തീസ്ഗഡിൽ പരിശോധന. തമിഴ്നാട് പിഡബ്ല്യുഡി വകുപ്പ് മന്ത്രിയുടെയും ബന്ധുക്കളുടെയും വസതിയിൽ ആദായനികുതി വകുപ്പാണ് പരിശോധന നടത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രാജസ്ഥാനിലും ഛത്തീസ്ഗഡിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിനായി എത്തിയത്. മഹാദേവ് ഓൺലൈൻ ബെറ്റിംഗ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് റായ്പൂർ ഭിലായ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 4.98 കോടി രൂപ കണ്ടെത്തിയതായാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് പണം ഛത്തീസ്ഗഡിലേക്ക് കടത്തിയതായി അന്വേഷണത്തിൽ നേരത്തെ ഇ.ഡി കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് എത്തിയ പണം ഒരു രാഷ്ട്രീയപാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് വേണ്ടിയാണെന്നും ഇഡി ആരോപിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഭോപ്പാൽ മുംബൈ എന്നിവിടങ്ങളിൽ നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 417 കോടി രൂപ കണ്ടുകെട്ടിയിരുന്നു . ജൽജീവൻ മിഷൻ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ജയ്പൂർ ഉൾപ്പെടെ രാജസ്ഥാനിലെ 25 സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയത്. രാജസ്ഥാൻ പബ്ലിക് ഹെൽത്ത് വകുപ്പ് മന്ത്രി മഹേഷ് ജോഷി, അഡീഷണൽ സെക്രട്ടറി എന്നിവരുടെ ഓഫീസുകളിലും ഇഡി സംഘം പരിശോധനയ്ക്ക് എത്തി. തമിഴ്നാട് പിഡബ്ല്യുഡി വകുപ്പ് മന്ത്രി ഇ.വി വേലുവിൻ്റെ വീട്ടിലും കുടുംബാംഗങ്ങളുടെ വീടുകളിലും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലുമായിരുന്നു ആദായനികുതി വകുപ്പിന്‍റെ പരിശോധന.

ഡിഎംകെ എംപി ജഗ്രതക്ഷന് പങ്കുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതിയിൽ തമിഴ്നാടും മന്ത്രിയും പങ്കാളിയാണെന്ന് ആദായനികുതി വകുപ്പ് ആരോപിക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Related Tags :
Similar Posts