< Back
India
ED slaps 184 crore FEMA penalty notice against NewsClick
India

ഫെമ ചട്ടം ലംഘിച്ചെന്ന്; ന്യൂസ് ക്ലിക്കിനും പ്രബിര്‍ പുര്‍കായസ്തക്കും 184 കോടി പിഴ ചുമത്തി ഇഡി

ശരത് ലാൽ തയ്യിൽ
|
16 Feb 2026 10:42 PM IST

ചൈനീസ് ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന കുറ്റം ചുമത്തി ന്യൂസ് ക്ലിക്കിനെതിരെ 2023ല്‍ തന്നെ വിവിധ ഏജന്‍സികള്‍ നടപടി തുടങ്ങിയിരുന്നു

ന്യൂഡല്‍ഹി: വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ചെന്ന് കാട്ടി ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലിനും സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തക്കും 184 കോടി പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 120 കോടി രൂപ ന്യൂസ് ക്ലിക്കിനും 64 കോടി രൂപ പ്രബിര്‍ പുര്‍കായസ്തക്കുമാണ് പിഴയിട്ടത്.

ചട്ടങ്ങള്‍ പാലിക്കാതെ 2018-19 വര്‍ഷത്തില്‍ 9.59 കോടി രൂപ വിദേശത്തുനിന്ന് സ്വീകരിച്ചതായി ഇഡി നോട്ടീസില്‍ പറയുന്നു. 2018 മുതല്‍ 24 വരെയുള്ള കാലയളവില്‍ സേവന കയറ്റുമതിയുടെ ഭാഗമായി സ്വീകരിച്ച 82.63 കോടി രൂപയുടെ വിദേശ പണമിടപാടുകളില്‍ റിപ്പോര്‍ട്ടിങ് നിയമങ്ങള്‍ ലംഘിച്ചെന്നും 'സോഫ്‌ടെക്‌സ്' ഫോമുകള്‍ സമര്‍പ്പിച്ചില്ലെന്നും ഇഡി പറയുന്നു. തുടര്‍ന്നാണ് ന്യൂസ് ക്ലിക്കിന്റെ മാതൃകമ്പനിയായ പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിനും സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തക്കും കനത്ത പിഴ ചുമത്തിയത്.

ചൈനീസ് ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന കുറ്റം ചുമത്തി ന്യൂസ് ക്ലിക്കിനെതിരെ 2023ല്‍ തന്നെ വിവിധ ഏജന്‍സികള്‍ നടപടി തുടങ്ങിയിരുന്നു. പ്രബിര്‍ പുര്‍കായസ്തയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏഴര മാസം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ന്യൂസ് ക്ലിക്കിന്റെ എച്ച്ആര്‍ മാനേജറായ അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞിരുന്നു. സ്വീകരിച്ച എല്ലാ ഫണ്ടുകളും കൃത്യമായ ബാങ്ക് ഇടപാടുകളിലൂടെയാണെന്നും ഇതിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ന്യൂസ് ക്ലിക്ക് പറഞ്ഞത്.

Similar Posts