
സിപിഎമ്മിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി
|പളനിസ്വാമിയുടെ ക്ഷണം സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം തള്ളി.
ചെന്നൈ: ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മിനെ ബിജെപി നയിക്കുന്ന എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി. അർഹമായ പരിഗണന ലഭിക്കാതെ അപമാനിക്കപ്പെട്ട് സ്റ്റാലിനൊപ്പം തുടരണോ എന്ന് സിപിഎം ചിന്തിക്കണമെന്ന് പളനിസ്വാമി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ സിപിഎം സംസ്ഥാന സമ്മേളനം നടന്നപ്പോൾ റെഡ് വളണ്ടിയർ മാർച്ചിന് പോലും സ്റ്റാലിൻ അനുമതി നൽകിയില്ല. സിപിഎമ്മിന് അർഹമായ സീറ്റുകളും സ്റ്റാലിൻ നൽകിയില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് അർഹമായ സീറ്റുകൾ ഡിഎംകെ നൽകില്ലെന്നും പളനിസ്വാമി പറഞ്ഞു. എൻഡിഎ സഖ്യത്തിൽ ചേരുന്ന പാർട്ടികളെ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പളനിസ്വാമിയുടെ ക്ഷണം സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം തള്ളി. രാവിലെയും വൈകിട്ടും രണ്ട് നിലപാടുള്ള വ്യക്തിയാണ് പളനിസ്വാമി. ചുവപ്പ് പരവതാനിയല്ല, ചതി ഒളിപ്പിച്ച കെണിയാണ് ഈ ക്ഷണം. ആർഎസ്എസിന്റെ കെണിയിൽ വീണ് രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് പളനിസ്വാമിയെന്നും ഷൺമുഖം പറഞ്ഞു.