
അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമീഷൻ
|2019 മുതൽ ലോകസഭയിലേക്കോ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലേക്കോ ഉപതെരഞ്ഞെടുപ്പുകളിലേക്കോ മത്സരിക്കാത്ത പാർട്ടികളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്
ന്യൂഡൽഹി: 2019 മുതൽ ആറ് വർഷത്തേക്ക് ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്ത 334 രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ ശനിയാഴ്ച (ഓഗസ്റ്റ് 9, 2025) അറിയിച്ചു. കേരളത്തിൽ നിന്ന് ഒഴിവാക്കിയത് ആർഎസ്പി (ബി)യുൾപ്പെടെ ആറ് പാർട്ടികളെ. രജിസ്റ്റർ ചെയ്ത ഈ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾ (RUPP) രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളതാണെന്ന് വോട്ടെടുപ്പ് പാനൽ അറിയിച്ചു.
രജിസ്റ്റർ ചെയ്തിട്ടുള്ള 2,854 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളിൽ 2,520 എണ്ണമാണ് ഇപ്പോൾ അവശേഷിക്കുന്നത്. നിലവിൽ ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളുമുണ്ട്. ഈ വർഷം ജൂണിൽ തെരഞ്ഞെടുപ്പ് അതോറിറ്റി അത്തരം 345 പാർട്ടികൾക്കെതിരെ നടപടികൾ ആരംഭിക്കുകയും ഒടുവിൽ 334 എണ്ണം പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
2019 മുതൽ ലോകസഭയിലേക്കോ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലേക്കോ ഉപതെരഞ്ഞെടുപ്പുകളിലേക്കോ മത്സരിക്കാത്ത പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും, രാഷ്ട്രീയ വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുമായാണ് ഈ നീക്കം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നീക്കം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളെ നിർത്താൻ കഴിയില്ല.