< Back
India
Election Commission,Rahul Gandhi,
India

‘മോദിക്കെതിരെ സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം’; രാഹുലിന് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Web Desk
|
6 March 2024 7:35 PM IST

നവംബർ 22 ന് നടന്ന ഒരു റാലിയിൽ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമീഷൻ രാഹുലിന് നോട്ടീസ് അയച്ചിരുന്നു

ന്യൂഡൽഹി: ​പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്ന് രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബറിൽ രാജസ്ഥാനിലെ ബയാതുവിൽ നടന്ന പൊതുയോഗത്തിൽ മോദിക്കെതിരെ തട്ടിപ്പ്, പോക്കറ്റടി തുടങ്ങിയ പരാമർശങ്ങൾ നടത്തിയത് വിവാദമായിരുന്നു. ​​പ്രധാനമന്ത്രിയെ രാഹുൽ പരിഹസിച്ചെന്നാരോപിച്ച് ബിജെപിയിൽ നിന്ന് പരാതി ലഭിച്ചെന്നാണ് അന്ന് രാഹുലിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചത്.

ഇതിനൊപ്പം ഡൽഹി ഹൈക്കോടതിയിലും പൊതുഹരജി വന്നിരുന്നു. ഹരജി പരിഗണിച്ച കോടതി മോദിയെ പോക്കറ്റടിക്കാരൻ എന്ന വിളിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് ശരിയല്ലെന്ന് നിരീക്ഷിച്ചിരുന്നു. എന്നാൽ ജനാധിപത്യത്തിന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും കോടതി പറഞ്ഞു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കട്ടെ എന്നായിരുന്നു കോടതിയു​ടെ നിലപാട്. രാഹുൽ ഗാന്ധിക്ക് നൽകിയ നോട്ടീസിൽ എട്ടാഴ്ചക്കകം തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നേരത്തെ നിർദേശിച്ചിരുന്നു.

ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നൽകുമ്പോൾ കൂടുതൽ ജാഗ്രതയും ശ്രദ്ധയും കാണിക്കണമെന്നാണ് രാഹുൽ ഗാന്ധിക്ക് നൽകിയ മുന്നറിയിപ്പിലുള്ളതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ നിർദേശത്തിലുള്ളത്.

ജാതി,സാമുദായിക വികാരങ്ങൾ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങൾ, വ്യാജപ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം, നേതാക്കളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എന്നിവ പാടില്ല. രാഷ്ട്രീയ പാർട്ടികൾ ധാർമ്മികവും മാന്യവുമായ രാഷ്ട്രീയ സംവാദങ്ങൾക്ക് മുൻഗണന നൽകണം. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും,വ്യക്തിപരമായ ആക്രമണങ്ങളും ഉപേക്ഷിക്കണം. സോഷ്യൽ മീഡിയയിലെ പ്രചരണത്തിനും ഇത്തരം മാനദണ്ഡങ്ങൾ പാലിക്കണമെന്ന​ും നിർദേശമുണ്ട്.

മാതൃകപെരുമാറ്റച്ചട്ട ലംഘനം ഒരുതരത്തിലും അനുവദിക്കില്ല. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, ഗുരുദ്വാരകൾ തുടങ്ങി ഒരു തരത്തിലുള്ള ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പുറത്തിറക്കിയ നിർദേശത്തിലുണ്ട്.

ഈ മാസം അവസാനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് പുതിയ നിർദേശം.

Similar Posts