< Back
India
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; പ്രചരണം ശക്തമാക്കി കോൺഗ്രസും ബിജെപിയും
India

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; പ്രചരണം ശക്തമാക്കി കോൺഗ്രസും ബിജെപിയും

Web Desk
|
27 Jan 2022 9:47 PM IST

യുപിയിൽ ബി എസ് പി യേയും കോൺഗ്രസിനെയും ഉപേക്ഷിച്ചു സമാജ് വാദി പാർട്ടിയെ ആക്രമിക്കുന്നതിലാണ് അമിത്ഷാ ശ്രദ്ധ കേന്ദ്രീകരിച്ചത്

ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, ഉത്തർപ്രദേശ്, മണിപ്പൂർ, എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രചരണം ശക്തമാക്കി ബിജെപിയും കോൺഗ്രസും. ഉത്തർപ്രദേശിൽ അമിത് ഷായും പഞ്ചാബിൽ രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചരണം ഊർജ്ജിതമാക്കി. സുവർണ ക്ഷേത്രം സന്ദർശിച്ച ശേഷമാണ് കോൺഗ്രസിന്റെ പ്രചരണ പരിപാടികൾക്ക് രാഹുൽ ഗാന്ധി തുടക്കമിട്ടത്. അതേ സമയം മുൻ ഉത്തരാഖണ്ഡ് പിസിസി അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു.

പടിഞ്ഞാറൻ യുപിയിൽ ജാട്ട് രോഷം ബിജെപിക്ക് മറികടക്കാനായോയെന്ന് കാത്തിരുന്ന് കാണാം. രാഷ്ട്രീയ ലോകദളിനെ എൻ.ഡി.എ യിൽ എത്തിക്കാനുള്ള അമിത്ഷായുടെ ശ്രമം പാളിയെങ്കിലും പടിഞ്ഞാറൻ യുപി കേന്ദ്രീകരിച്ചാണ് ബിജെപിയുട പ്രവർത്തനം.അമിത് ഷായുടെ ഇന്നത്തെ പ്രചരണം മഥുരയിലായിരുന്നു.വൃന്ദാവനിൽ വീട് വീടാന്തരം കയറി ഇറങ്ങിയാണ് അമിത് ഷാ വോട്ട് തേടിയത്. ബി എസ് പി യേയും കോൺഗ്രസിനെയും ഉപേക്ഷിച്ചു സമാജ് വാദി പാർട്ടിയെ ആക്രമിക്കുന്നതിലാണ് അമിത്ഷാ ശ്രദ്ധ കേന്ദ്രീകരിച്ചത്. പഞ്ചാബിലെ ആദ്യ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി അമൃതസറിലെത്തിയ രാഹുൽ ഗാന്ധി ,സുവർണ ക്ഷേത്രം കൂടാതെ ദുർഗിയാന ക്ഷേത്രം ,വാല്മീകി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു. 109 സ്ഥാനാർത്ഥികൾ രാഹുലിനെ അനുഗമിച്ചു.

ജലന്ധറിൽ സംഘടിപ്പിക്കുന്ന വിർച്വൽ റാലിയിൽ പങ്കെടുക്കാൻ എത്തിയ രാഹുൽഗാന്ധിയെ കാത്ത് ആയിരക്കണക്കിന് പ്രവർത്തകരാണ് പലയിടങ്ങളിലും കാത്തു നിന്നത്. ബിജെപിയിൽ ചേരുന്നതിന് ഒരുമണിക്കൂർ മുൻപ് ഉത്തരാഖണ്ഡ് മുൻ പിസിസി അധ്യക്ഷൻ കിഷോർ ഉപാധ്യായയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. തനിക്ക് സീറ്റ് നൽകുന്ന കാര്യം ബിജെപി തീരുമാനിക്കട്ടെ എന്നാണ് കിഷോർ ഉപാധ്യായ പ്രതികരിച്ചത്.

Similar Posts