< Back
India
ഭാര്യയെ സഹോദരിയാക്കി മാട്രിമോണിയൽ തട്ടിപ്പ്; ഒന്നരക്കോടിയിലേറെ തട്ടിയ എൻജിനീയർ പിടിയിൽ
India

ഭാര്യയെ 'സഹോദരി'യാക്കി മാട്രിമോണിയൽ തട്ടിപ്പ്; ഒന്നരക്കോടിയിലേറെ തട്ടിയ എൻജിനീയർ പിടിയിൽ

ശരത് ഓങ്ങല്ലൂർ
|
21 Jan 2026 5:30 PM IST

പരാതിക്കാരി മാട്രിമോണിയൽ സൈറ്റിലൂടെ വിജേഷിനെ പരിചയപ്പെടുന്നത്

ബംഗളൂരു: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത എൻജിനീയർ പിടിയിൽ. ബംഗളൂരുവിലെ കെംഗേരി പൊലീസാണ് പ്രതിയായ വിജേഷിനെ പിടികൂടിയത്. വൻ ബിസിനസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതി പറ്റിച്ച് പണം തട്ടിയത്.

2024-ലാണ് പരാതിക്കാരിയായ സോഫ്റ്റ്‌വെയർ എൻജിനീയർ മാട്രിമോണിയൽ സൈറ്റിലൂടെ വിജേഷിനെ പരിചയപ്പെടുന്നത്. തനിക്ക് ബംഗളൂരുവിൽ 715 കോടി രൂപയുടെ ആസ്തിയുണ്ടെന്നും നിരവധി ബിസിനസുകൾ നടത്തുന്നുണ്ടെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന്, ഒരു സംയുക്ത ബിസിനസ് സംരംഭം തുടങ്ങാമെന്ന് പറഞ്ഞ് വിവിധ ഘട്ടങ്ങളിലായി 1.75 കോടി രൂപ ഇയാൾ യുവതിയിൽ നിന്ന് കൈക്കലാക്കി. ഇതിനിടെ യുവതിയെ വിവാഹം കഴിക്കാമെന്നും ഇയാൾ ഉറപ്പുനൽകിയിരുന്നു.

ഇഡി റെയ്ഡിനെത്തുടർന്ന് തന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും കേസുകൾ നിലവിലുണ്ടെന്നും പറഞ്ഞ് ഇയാൾ യുവതിയിൽ നിന്ന് വീണ്ടും പണം ആവശ്യപ്പെട്ടു. തന്റെ വാദങ്ങൾ സത്യമാണെന്ന് തോന്നിപ്പിക്കാൻ വ്യാജ കോടതി രേഖകളും ഇയാൾ യുവതിയെ കാണിച്ചു. ഇതിനിടെ വീട്ടിലെത്തിയ യുവതിക്ക് സ്വന്തം ഭാര്യയെ സഹോദരിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും യുവതി തിരിച്ചറിഞ്ഞത്.

പണം തിരികെ ചോദിച്ചപ്പോൾ 22 ലക്ഷം രൂപ മാത്രമേ മടക്കി നൽകിയുള്ളു. ബാക്കിയുള്ള പണം ചോദിച്ചാൽ യുവതിയെ കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്നാണ് നട്ടിപ്പിന് ഇരയായ യുവതി കോടതിയെ സമീപിച്ചത്.

Similar Posts