< Back
India
ബിഹാറിൽ ഒരു വീട്ടിൽ 947 വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അത്ഭുതമെന്ന് കോൺഗ്രസ്
India

ബിഹാറിൽ ഒരു വീട്ടിൽ 947 വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അത്ഭുതമെന്ന് കോൺഗ്രസ്

Web Desk
|
29 Aug 2025 11:48 AM IST

എന്നാൽ ഗയ ജില്ലാ മജിസ്ട്രേറ്റിന്റെ എക്സ് ഹാൻഡിൽ പുറത്തുവിട്ട വിശദീകരണവുമായി ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് രംഗത്തെത്തി

പറ്റ്ന: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന വെളിപ്പെടുത്തലുമായി വീണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിലെ വോട്ടര്‍ പട്ടികയിൽ ഒരൊറ്റ വീട്ടുനമ്പറിൽ 947 പേരുകളാണ് ചേര്‍ത്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടര്‍ അധികാര്‍ യാത്രക്കിടെയാണ് രാഹുൽ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇത്രയധികം വോട്ടര്‍മാരെ വ്യാജമായി ചേര്‍ത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അത്ഭുതമെന്നാണ് കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്. വീട്ടുനമ്പര്‍ ആറിലാണ് ഈ 947 പേരും താമസിക്കുന്നതെന്നും നൂറുകണക്കിനു വീടുകളും കുടുംബങ്ങളുമുള്ള നിഡാനിയിലെ മുഴുവൻ പട്ടിക ഒരു സാങ്കൽപിക ഭവനമാക്കി മാറ്റിയെന്നും കോൺഗ്രസ് ആരോപിക്കുന്നു. ''ഇത് ഒരു ഗ്രാമത്തിലെ മാത്രം കാര്യമാണ്. സംസ്ഥാന, ദേശീയ തലങ്ങളിലെ ക്രമക്കേടുകളുടെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ," കോൺഗ്രസ് ചൂണ്ടിക്കാട്ടി.

എന്നാൽ ഗയ ജില്ലാ മജിസ്ട്രേറ്റിന്റെ എക്സ് ഹാൻഡിൽ പുറത്തുവിട്ട വിശദീകരണവുമായി ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് രംഗത്തെത്തി."യഥാർഥ സീരിയൽ നമ്പറുകൾ ഇല്ലാത്ത ഗ്രാമങ്ങളിലോ ചേരികളിലോ സാങ്കൽപക വീട്ടുനമ്പറുകൾ നൽകുന്നു. വോട്ടർമാരെ ചേർക്കുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനാണ് ഇത് ചെയ്യുന്നത്" എന്നാണ് ജില്ലാ മജിസ്ട്രേറ്റ് പറയുന്നത്. ഗ്രാമവാസികളുടെതെന്ന് പറയപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും അദ്ദേഹത്തിന്‍റെ എക്സ് ഹാൻഡിൽ പങ്കുവച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ജനങ്ങൾ സംതൃപ്തരാണെന്നും പ്രദേശത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ അസ്വസ്ഥരാണെന്നും പറയുന്നത് കേൾക്കാം.

അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര പുനരാരംഭിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും. ഡി.രാജ, ആനി രാജ എന്നിവർ യാത്രയിൽപങ്കെടുക്കുന്നുണ്ട്. സെപ്റ്റംബർ 1 ന് പട്നയിലാണ് യാത്ര സമാപിക്കുക.

Similar Posts