< Back
India
EPFO keeps interest rate unchanged
India

പിഎഫ് പലിശ നിരക്കില്‍ മാറ്റമില്ല; 8.25 ശതമാനം തുടരും

ശരത് ലാൽ തയ്യിൽ
|
2 March 2026 4:44 PM IST

തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് പിഎഫ് പലിശനിരക്കില്‍ മാറ്റമില്ലാത്തത്

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തെ പിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.25 ശതമാനം പലിശ നിരക്ക് തുടരും. കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇപിഎഫ്ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് പിഎഫ് പലിശനിരക്കില്‍ മാറ്റമില്ലാത്തത്.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനം. പലിശ നിരക്കില്‍ നേരിയ കുറവ് വരുത്തിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നത്. കേരളം കൂടാതെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ്.

2023-24 സാമ്പത്തിക വര്‍ഷത്തിലാണ് പിഎഫ് പലിശ നിരക്ക് 8.25 ശതമാനമായി ഉയര്‍ത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 8.15 ശതമാനമായിരുന്നു. 2025-26ല്‍ 8.25 ശതമാനം പലിശ നിരക്ക് തുടരാനുള്ള തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയക്കും. ധനമന്ത്രാലയം അനുമതി നല്‍കിയ ശേഷമാണ് പലിശ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് ചെയ്യുക. 8.25 ശതമാനം പലിശ നിരക്ക് നിലനിര്‍ത്തിയതിലൂടെ, ഇപിഎഫ്ഒയ്ക്ക് ഏകദേശം 650 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലെ ഒരംഗം പറഞ്ഞത്. ഈ നഷ്ടം കഴിഞ്ഞ വര്‍ഷത്തെ മിച്ചമായ 5,300 കോടി രൂപയില്‍ നിന്ന് ക്രമീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts