‘ഇരിക്കുന്നതും കിടക്കുന്നതും വെള്ളിയിൽ’; ഹോം ടൂറിൽ കുടുങ്ങി തെലങ്കാന കോൺഗ്രസ് എംഎൽഎ
|തന്റെ മുറിയുടെ മോടി കൂട്ടാനാണ് ഫർണിച്ചറുകൾ ഉപയോഗിച്ചിരിക്കുന്നതെന്നും എംഎൽഎ വീഡിയോയിൽ പറയുന്നു
ഹൈദരാബാദ്: കസേരയും കട്ടിലും തുടങ്ങി എല്ലാം ഫർണിച്ചറുകളും വെള്ളി കൊണ്ട് നിർമിച്ചത്. തെലങ്കാന കോൺഗ്രസ് എംഎൽഎ അനിരുദ്ധ് റെഡ്‌ഡിയുടെ കിടപ്പുമുറിയാണ് വിവാദത്തിലായിരിക്കുന്നത്. തെലങ്കാനയിലെ ജഡ്‌ചെര്‍ളയിൽ നിന്നുള്ള എംഎല്‍എയാണ് അനിരുദ്ധ് റെഡ്‌ഡി.
'യോയോ' എന്ന യൂട്യൂബ് ചാനൽ നടത്തിയ എംഎൽഎയുടെ ഹോം ടൂറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ മുറിയുടെ മോടി കൂട്ടാനാണ് ഫർണിച്ചറുകൾ ഉപയോഗിച്ചിരിക്കുന്നതെന്നും എംഎൽഎ വീഡിയോയിൽ പറയുന്നു.
“ഇതെല്ലാം വെള്ളികൊണ്ടുള്ള ഫർണിച്ചറുകളാണ്, എന്റെ മുറി വേറിട്ടു നിൽക്കണമെന്നുള്ള ആഗ്രഹത്തിലാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്" അവതാരകനെ തൻ്റെ മുറിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അനിരുദ്ധ് റെഡ്‌ഡി പറഞ്ഞു.
കൊട്ടാരതുല്യമായ വീടിനെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകളുണ്ട്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഈ കണക്കുകളൊന്നും വെളുപ്പെടുത്തിട്ടില്ലെന്നും അറുപത്തിനാലരലക്ഷം രൂപയുടെ സ്വര്‍ണം മാത്രമേ അനിരുദ്ധ് വെളിപ്പെടുത്തിയിട്ടുള്ളു എന്നും ആരോപങ്ങളുണ്ട്.