< Back
India
ഗോവയില്‍ ബിജെപി വിട്ട എംഎല്‍എ കോൺഗ്രസിൽ; കൊഴിഞ്ഞുപോക്ക് തുടരുന്നു
India

ഗോവയില്‍ ബിജെപി വിട്ട എംഎല്‍എ കോൺഗ്രസിൽ; കൊഴിഞ്ഞുപോക്ക് തുടരുന്നു

Web Desk
|
22 Dec 2021 8:02 PM IST

ബിജെപി എംഎൽഎയായിരുന്ന അലീന സൽദാന കഴിഞ്ഞയാഴ്ചയാണ് പാർട്ടി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നത്

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപി എംഎൽഎയായിരുന്ന കാർലോസ് അൽമെയ്ഡ കോൺഗ്രസില്‍ ചേര്‍ന്നു. ഒരാഴ്ചയ്ക്കിടെയാണ് ഇത് രണ്ടാമത്തെ ബിജെപി എംഎല്‍എയാണ് പാര്‍ട്ടി വിടുന്നത്. പാര്‍ട്ടി നിയമസഭാ സാമാജികയായിരുന്ന അലീന സൽദാന കഴിഞ്ഞയാഴ്ചയാണ് ആം ആദ്മിയിലേക്ക് കൂടുമാറിയത്.

വാസ്‌കോയിൽനിന്നുള്ള എംഎൽഎയാണ് കാർലോസ് അൽമെയ്ഡ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവയ്ക്കുന്നത്. ഗോവയുടെ ചുമതലയുള്ള എഐസിസി നേതാവ് ദിനേശ് ഗുണ്ടു റാവു, ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗിരീഷ് ചോടാങ്കർ, പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് കാർലോസ് അൽമെയ്ഡ പാർട്ടി അംഗത്വം സ്വീകരിച്ചത്.

അൽമെയ്ഡ എത്തിയത് അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ ശക്തി പകരുമെന്ന് ഗിരീഷ് ചോടാങ്കർ പ്രതികരിച്ചു. ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഈ കൊഴിഞ്ഞുപോക്കിനുള്ള കാരണം. ഗോവ ജനത ബിജെപിക്ക് ഇനിയും അധികാരം നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോർട്ടലിം എംഎൽഎയായിരുന്ന അലീന കഴിഞ്ഞയാഴ്ചയാണ് പാർട്ടി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ചത്. തുടർന്ന് അരവിന്ദ് കെജ്രിവാളിനെ സന്ദർശിച്ച് ആം ആദ്മി പാർട്ടിയിൽ അംഗത്വമെടുക്കുകയായിരുന്നു.

Summary: Former BJP MLA in Goa Carlos Almeida joined the Congress

Similar Posts